മുറ്റം വൃത്തിയാക്കുന്നതിനിടെ പൂച്ച മാന്തിയെന്ന് വീട്ടമ്മ; കടിച്ച മൂർഖനെ കടിച്ച് കുടഞ്ഞ് വളർത്തുനായ; അരുമയുടെ കരുതലിൽ രക്ഷപ്പെട്ടത് ഒരു ജീവൻ

0

ആലപ്പുഴ: വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പു കടിച്ച വീട്ടമ്മയ്ക്ക് രക്ഷയായത് വളർത്തുനായ. ആയാപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധാപികയായ വിശ്വകുമാരിയ്ക്കാണ് മൂർഖന്റെ കടിയേറ്റത്. അമ്പലപ്പുഴയിൽ ആയിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വൈകീട്ടോടെ മുറ്റമടിക്കുന്നതിനിടെ താമര വളർത്തുന്ന ടാങ്കിനടിയിലെ കല്ലുകൾ അടുക്കിവയ്ക്കുകയായിരുന്നു വിശ്വകുമാരി. ഇതിനിടയിലാണ് വിരലിൽ കടിയേറ്റത്. മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലിൽ ഉണ്ടായിരുന്നത്. വേദന അനുഭവപ്പെട്ടതുമില്ല. പൂച്ച മാന്തിയതാകുമെന്ന് കരുതി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി.

എന്നാൽ ഇതിനിടയിൽ കല്ലുകൾക്കിടയിൽ ഇരുന്ന മൂർഖൻ പാമ്പിനെ വളർത്തുനായ ജൂലി കണ്ടെത്തി. ഇതോടെ പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തിൽ കുരച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോൾ പാമ്പിനെ കടിച്ചുകുടയുന്ന ജൂലിയയാണ് വിശ്വകുമാരി കണ്ടത്. ഇതോടെയാണ് തന്നെ പൂച്ച മാന്തിയതല്ല, പാമ്പ് കടിച്ചതാണെന്ന് വിശ്വകുമാരിക്ക് മനസിലായത്.

പാമ്പ് കടിച്ചതറിഞ്ഞ വിശ്വകുമാരി ബഹളം വച്ചതോടെ മകളും സുഹൃത്തുക്കളും ഓടിയെത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ പാമ്പിൻവിഷത്തിനെതിരായ മരുന്ന് എടുക്കാനായത് രക്ഷയായി. ഐസിയുവിൽ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പാമ്പുകടിയേറ്റ് ഒരു മണിക്കൂറിനിടെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് വിശ്വകുമാരിയുടെ ജീവൻ രക്ഷിക്കാനായത്

Leave a Reply