ജപ്‌തിനടപടിക്ക്‌ ഉദ്യോഗസ്‌ഥര്‍ വീട്ടുമുറ്റത്ത്‌; ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി

0


വൈക്കം: ജപ്‌തി നടപടിക്കു മുന്നോടിയായി വീടും പുരയിടവും അളന്ന്‌ തിട്ടപ്പെടുത്താന്‍ സഹകരണസംഘം ഉദ്യോഗസ്‌ഥര്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. വൈക്കം തോട്ടകം വാക്കേത്തറ തയ്യില്‍ ടി.പി. കാര്‍ത്തികേയ(61)നാണ്‌ മരിച്ചത്‌.
ഇന്നലെ ഉച്ചയ്‌ക്ക്‌ 12.15-നാണ്‌ തോട്ടകം സര്‍വീസ്‌ സഹകരണസംഘം ഉദ്യോഗസ്‌ഥര്‍ കാര്‍ത്തികേയന്റെ വീടും സ്‌ഥലവും അളന്ന്‌ കുറ്റിയടിച്ചത്‌. ഇവര്‍ മടങ്ങിയശേഷം സഹോദരപുത്രന്‍ രാജേഷ്‌ വീട്ടിലെത്തിയപ്പോഴാണ്‌ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാര്‍ത്തികേയനെ കാണുന്നത്‌.
2014 സെപ്‌റ്റംബര്‍ മൂന്നിനാണ്‌ കാര്‍ത്തികേയന്‍ ഏഴ്‌ ലക്ഷം രൂപ വായ്‌പയെടുത്തത്‌. അഞ്ച്‌ ലക്ഷം രൂപ കാര്‍ത്തികേയന്റെ പേരിലും രണ്ട്‌ ലക്ഷം രൂപ ഭാര്യയുടെ പേരിലുമാണ്‌ എടുത്തത്‌. വീടും 14 സെന്റ്‌ സ്‌ഥലവുമായിരുന്നു ഈട്‌. 2019-ല്‍ തിരിച്ചടവിന്റെ കാലവധി കഴിഞ്ഞു. ഇതിനിടെ, ഏക മകളെ വിവാഹംചെയ്‌ത്‌ അയച്ചു. 2020-ല്‍ സംഘം എ.ആര്‍.സി.(ആര്‍ബിട്രേഷന്‍ കേസ്‌) ഫയല്‍ ചെയ്‌തു. പലിശ അടക്കം ഇളവുകള്‍ നല്‍കാമെന്ന്‌ അറിയിച്ചിട്ടും കാര്‍ത്തികേയന്റെ ഭാഗത്തുനിന്ന്‌ പ്രതികരണമുണ്ടായില്ലെന്നാണ്‌ ബാങ്ക്‌ അധികൃതരുടെ വാക്കുകള്‍. കാര്‍ത്തികേയന്‌ വീടിനോട്‌ ചേര്‍ന്ന്‌ ചായക്കടയുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍നിന്നും ചായക്കടയില്‍ നിന്നുമുള്ള തുച്‌ഛമായ വരുമാനം കൊണ്ടാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌. മൃതദേഹം വൈക്കം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മീര. മകള്‍: അശ്വതി. മരുമകന്‍: അനൂപ്‌.

LEAVE A REPLY

Please enter your comment!
Please enter your name here