കലഞ്ഞൂരിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ പ്രതി ഒളിവിൽ കഴിയവെ പിടിയിൽ

0

കലഞ്ഞൂരിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ കേസിൽ പ്രതി ഒളിവിൽ കഴിയവെ പിടിയിൽ. ഭാര്യയുമായുള്ള സൗഹൃദത്തിൽ സംശയിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. കടത്ത്വ സ്വദേശിയായ ശ്രീകുമാറിനെയാണ് ബുധനാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച മുതൽ കാണാതായ പ്രദേശവാസിയായ അനന്തു(28)വിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽതന്നെ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ശ്രീകുമാറിന്റെ ഭാര്യയുമായി അനന്തുവിനുണ്ടായിരുന്ന സൗഹൃദവും ഇതിലുണ്ടായ സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്നവിവരം. ഞായറാഴ്ച യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയശേഷം പ്രതി നാട്ടിൽനിന്ന് കടന്നുകളയുകയായിരുന്നു. കുളത്തുമൺ വനമേഖലയോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ റബ്ബർ പുകപ്പുരയിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കീറിയനിലയിൽ ഷർട്ടിന്റെ ഒരുഭാഗം മാത്രമാണ് അനന്തുവിന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. കനാലിനരികിലെ പ്ലാന്റേഷനിൽ രക്തം ചിതറിക്കിടക്കുന്നതും കണ്ടെത്തി. പ്ലാന്റേഷനിൽനിന്ന് കനാൽ വരെയുള്ള വഴിയിൽ ചോരത്തുള്ളികളുമുണ്ടായിരുന്നു. അനന്തുവിന്റെ മൊബൈൽ ഫോണും കനാലിൽനിന്ന് കണ്ടെടുത്തിരുന്നു.

Leave a Reply