പക്ഷി സര്‍വേ, 231 ഇനം പക്ഷികളെ രേഖപ്പെടുത്തി

0


കുമളി: പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നടന്ന നാലാമത്‌ പക്ഷി സര്‍വേയില്‍ 231 ഇനം പക്ഷികളെ രേഖപ്പെടുത്തി. ഇതില്‍ വംശനാശ ഭീഷണി നേരിടുന്ന 14 ഇനം പക്ഷികളും പശ്‌ചിമഘട്ടത്തില്‍ കണ്ടുവരുന്ന 20 ഇനവും മുന്‍ വര്‍ഷ സര്‍വേകളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത 11 ഇനം പക്ഷികളും ഉള്‍പെടുന്നു. 2008, 2009, 2010 വര്‍ഷങ്ങളിലായിരുന്നു മുമ്പ്‌ സമഗ്ര സര്‍വേ നടന്നത്‌.
തേക്കടി, വള്ളക്കടവ്‌, അഴുത, പമ്പ ഫോറസ്‌റ്റ്‌ റെയ്‌ഞ്ചുകളിലെ മുപ്പത്‌ ബേസ്‌ ക്യാമ്പുകളിലാണ്‌ സര്‍വേക്കായി പക്ഷി നിരീക്ഷകരെ വിന്യസിപ്പിച്ചത്‌. സമുദ്രനിരപ്പില്‍നിന്നു 150 മുതല്‍ രണ്ടായിരം മീറ്റര്‍ വരെ ഉയരമുള്ള വനങ്ങള്‍, പുല്‍മേടുകള്‍, ചോലക്കാട്ടുകള്‍ തുടങ്ങി വ്യത്യസ്‌ത ആവാസ വ്യവസ്‌ഥകളുള്ള മേഖലകളിലാണ്‌ നിരീക്ഷണം നടന്നത്‌.മരപ്രാവ്‌, ഉപ്പന്‍ കുയില്‍, വലിയേപേക്കുയില്‍, കാട്ടുകൊക്ക്‌, വലിയ കിന്നരിപ്പരുന്ത്‌, വലിയ പുള്ളിപരുന്ത്‌, ചെറിയ മീന്‍ പരുന്ത്‌, ബ്രെസ പ്രാപ്പിടിയന്‍, മേടുതപ്പി, റിപ്ലി മുങ്ങ, മലമുഴക്കി, വെള്ളവയറന്‍ ചോല കിളി, വടക്കന്‍ ചിലുചിലുപ്പന്‍, കശ്‌മീരി പാറ്റാപിടിയന്‍, മഞ്ഞ വരിയന്‍ പ്രാവ്‌, തുടങ്ങിയ പക്ഷികളുടെ സാന്നിധ്യം പി.ടി. ആറില്‍ ആദ്യമായാണ്‌ ശ്രദ്ധേയമാകുന്നത്‌. ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്‌റ്റ്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ ഡയറക്‌ടര്‍ (കോട്ടയം) പി.പി. പ്രമോദ്‌ , പി.ടി.ആര്‍. ഈസ്‌റ്റ്‌ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പാട്ടീല്‍ സുയോഗ്‌ സുഭാഷ്‌ റാവോ, അസി. ഫീല്‍ഡ്‌ ഡയറക്‌ടര്‍ പി.ജെ. സുഹൈബ്‌, അനൂപ്‌ വിജയകുമാര്‍, രമേശ്‌ ബാബു, പക്ഷി നിരീക്ഷകരായ പ്രേംചന്ദ്ര രഘുവരന്‍, അഹമ്മദ്‌ ഒമര്‍, ഡോ. നമീര്‍ എന്നിവര്‍ സര്‍വേക്ക്‌ നേതൃത്വം നല്‍കി.

Leave a Reply