അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി അടുത്ത വർഷം ജനുവരി ഒന്നിന് പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി അടുത്ത വർഷം ജനുവരി ഒന്നിന് പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ക്ഷേത്രനിർമ്മാണം പാതി വഴി പിന്നിട്ടു. രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തുരങ്കം വെച്ചു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മിക്കുകയായിരുന്നുവെന്നും അമിത് ഷാ ത്രിപുരയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പതിറ്റാണ്ടുകളായി നിയമക്കുരുക്കിലായിരുന്ന അയോധ്യ ക്ഷേത്ര നിർമ്മാണം, സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്.ക്ഷേത്രനിർമ്മാണം പാതി വഴി പിന്നിട്ടതായി നവംബറിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂർത്തിയാകുമെന്നും യോഗി വ്യക്തമാക്കിയിരുന്നു. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാമക്ഷേത്രം തുറന്നുകൊടുക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പ്രധാനമന്ത്രിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. രണ്ടു നിലകളിലായി നിർമ്മിക്കുന്ന ക്ഷേത്രത്തിൽ അഞ്ച് മണ്ഡപങ്ങൾ ഉണ്ടാകും. തീർത്ഥാടകർക്കായി പ്രത്യേക സൗകര്യങ്ങൾ, മ്യൂസിയം, ആർകൈവ്‌സ്, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരികൾക്കുള്ള മുറികൾ തുടങ്ങിയവയും സജ്ജമാക്കും.

2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി മുസ്ലിം പള്ളി നിർമ്മിക്കാൻ നൽകാനും കോടതി അന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here