കള്ള് ചോദിച്ചു കൊടുത്തില്ല, ചെത്തു തൊഴിലാളി മുകളിലിരിക്കുമ്പോള്‍ യന്ത്രവാളിന് തെങ്ങു വെട്ടി ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0

വെള്ളിക്കുളങ്ങര: ചെത്തു തൊഴിലാളി കള്ള് ചെത്തിക്കൊണ്ടിരിക്കുന്നതിനിടെ യന്ത്രവാളിന് തെങ്ങുമുറിച്ച് ക്ഷുഭിതനായ യുവാവിന്റെ പരാക്രമം. മുറിഞ്ഞ തെങ്ങ് മറിഞ്ഞു വീഴുന്നതിന് മുമ്പ് തെങ്ങില്‍ നിന്നും താഴേയ്ക്ക് ചാടി ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. സംഭവത്തില്‍ മങ്കൊമ്പില്‍ ബിസ്മി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂരിലെ വെള്ളിക്കുളങ്ങരയില്‍ ജയന്‍ എന്ന ചെത്ത് തൊഴിലാളിയുടെ കാലാണ് ഒടിഞ്ഞത്.

ചെത്തിയിറക്കുന്ന കള്ള് കിട്ടാത്തതില്‍ പ്രകോപിതനായാണ് ജയന്‍ തെങ്ങിലിരിക്കെ തന്നെ ബിസ്മി യന്ത്രവാളിന് തെങ്ങ് മുറിച്ചത്. ജയന്‍ ഊര്‍ന്നിറങ്ങി താഴേയ്ക്ക് ചാടിയതിന് തൊട്ടുപിന്നാലെ മരം മറിഞ്ഞു വീഴുകയും ചെയ്തു. മരംവെട്ടു തൊഴിലാളിയാണ് 45 കാരനായ ബിസ്മി.

വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ഇന്നലെയാണ് അക്രമം നടന്നത്. ചെത്തുന്നതിനിടയില്‍ കള്ളു ചോദിച്ചപ്പോള്‍ ജയന്‍ കൊടുത്തില്ല. ഇതായിരുന്നു ബിസ്മിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ജയന്‍ തെങ്ങിലിരിക്കുമ്പോള്‍ തന്നെ യന്ത്രവാള്‍ കൊണ്ട് ബിസ്മി തെങ്ങുമുറിച്ചു. ബിസ്മി യന്ത്രവാള്‍ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ തന്നെ ജയന്‍ ഊര്‍ന്നിറങ്ങിയെങ്കിലും വെപ്രാളത്തോടെ ചാടിയിറങ്ങിയപ്പോള്‍ കാല്‍ ഒടിയുകയായിരുന്നു.

Leave a Reply