ഇത്തവണത്തെ തണുപ്പ് കടുപ്പം; ഊട്ടിയിൽ തണുപ്പിന് നേരിയ ശമനം; കൊടും തണുപ്പിൽ സഞ്ചാരികളുടെ വരവും കുറവ്

0

സുൽത്താൻബത്തേരി: മൂന്ന് ദിവസം മുമ്പ് വരെ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക് എത്തിയ ഊട്ടിയിൽ തണുപ്പിന് നേരിയ ശമനമായി. കുന്താ താലൂക്കിലെ അവലാഞ്ചിയിൽ പൂജ്യം ഡിഗ്രിയും ശാന്തിനെല്ലയിൽ ഒന്ന് തലൈക്കുന്തയിൽ രണ്ട്, ബൊട്ടാണിക്കൽ ഗാർഡൻ രണ്ട് എന്നിങ്ങനെയാണ് ഞായറാഴ്ച രാത്രിയിലെ താപനില. കഴിഞ്ഞ ദിവസങ്ങളിൽ അപ്പർഭവാനി മേഖലയിൽ അതിശൈത്യം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇവിടെയും തണുപ്പിന് കുറവുണ്ടായിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് വരെ രാത്രിയും രാവിലെയും മഞ്ഞുപൊഴിഞ്ഞ് കിടക്കുന്ന മൈതാനങ്ങളുടെയും റോഡിന്റെയും കാഴ്ച ഇവിടെയെത്തിയ സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്നതായി. രാവിലെയും വൈകുന്നേരങ്ങളിലുമാണ് മഞ്ഞുവീഴ്ച രൂക്ഷമാകുന്നത്. സന്ധ്യയോടെ തുടങ്ങുന്ന തണുപ്പ് രാവിലെ ഒമ്പതുവരെ തുടരും. അതിശൈത്യം അനുഭവപ്പെട്ട ദിവസങ്ങളിൽ ഇവിടുത്തെ ജനജീവിതം ദുസ്സഹമായിരരുന്നുവെങ്കിലും തണുപ്പ് കുറഞ്ഞത് ആളുകൾക്ക് ആശ്വാസമായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുടെയും വീടുകളുടെയും മുകളിൽ മഞ്ഞ് വീണ് കിടക്കുന്നത് സഞ്ചാരികളായി എത്തിയ പലർക്കും കൗതുകമുള്ള കാഴ്ചയായി മാറി. എന്നാൽ യന്ത്രഭാഗങ്ങളെ പോലും തണുപ്പ് പൊതിഞ്ഞതോടെ വാഹനം സ്റ്റാർട്ട് ചെയ്യാൻ പ്രയാസം നേരിടുന്നുണ്ടായിരുന്നു. തണുപ്പിന് നേരിയ ശമനമായെങ്കിലും രാവിലെയും രാത്രിയിലും ഊട്ടി നിവാസികൾ തീകായുന്ന കാഴ്ച അവസനാച്ചിട്ടില്ല. കഴിഞ്ഞ രണ്ടുമുന്ന് ദിവസങ്ങളിലായി കടുത്ത തണുപ്പ് അനുഭവപ്പെട്ട ഗൂഢല്ലൂർ, പന്തല്ലൂർ താലൂക്കുകളിലും ശൈത്യത്തിന് കുറവുണ്ടായിട്ടുണ്ട്.

അതേ സമയം രൂക്ഷമായ തണുപ്പിൽ വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി ഇവിടുത്തെ കച്ചവടക്കാർ സൂചിപ്പിച്ചു. കാലാവസ്ഥ ആസ്വാദിക്കാൻ തന്നെയാണ് മലയാളികൾ അടക്കമുള്ളവർ എത്തുന്നതെങ്കിലും ഊട്ടിനിവാസികളായവർക്ക് പോലും സഹിക്കാൻ കഴിയാത്ത തണുപ്പ് സഞ്ചാരികൾ എങ്ങനെ ആസ്വാദിക്കുമെന്ന് നാട്ടുകാർ ചോദിച്ചു.

പതിവായി ഡിസംബറിൽ കടുത്ത ശൈത്യം ഊട്ടിയിൽ അനുഭവപ്പെടാറുണ്ടിയിരുന്നു. എന്നാൽ ഇത്തവണ ജനവരി പകുതി പിന്നിട്ടിട്ടും അതിശൈത്യം തുടരുകയാണ്. സെപ്റ്റംബറിലും തുടർന്നുള്ള മാസങ്ങളിലും ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ തണുപ്പിനും കുറവുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here