തെലുഗു നടൻ നന്ദമുരി താരക രത്‌നയുടെ നില ഗുരുതരമായി തുടരുന്നു

0

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെലുഗു നടൻ നന്ദമുരി താരക രത്‌നയുടെ നില ഗുരുതരമായി തുടരുന്നു. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്റെ പദയാത്ര ഉദ്ഘാടനത്തിന് കുപ്പത്ത് എത്തിയപ്പോൾ താരക രത്‌ന ഹൃദയാഘാതം മൂലം കുഴഞ്ഞു വീണിരുന്നു.

പിന്നീട് താരക രത്‌നയെ ബെംഗളുരുവിലെ നാരായണ ഹൃദയാലയയിലേക്ക് മാറ്റി. താരകരത്‌നയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് ഇന്ന് രാവിലെ വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അദ്ദേഹം കോമയിൽ തുടരുകയാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താരകരത്‌നയുടെ അമ്മാവനായ നന്ദമുരി ബാലകൃഷ്ണയും ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ആശുപത്രിയിലെത്തി. നടൻ ജൂനിയർ എൻടിആറും കല്ല്യാണ്‌റാമും ആശുപത്രിയിലെത്തിയിരുന്നു. ടിഡിപി സ്ഥാപകനേതാവും നടനുമായ നന്ദമുരി താരകരാമറാവുവിന്റെ പേരക്കുട്ടിയാണ് താരകരത്‌ന.

Leave a Reply