ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങി

0


തിരുവനന്തപുരം : ശബരിമല വിമാനത്താവളം സ്‌ഥലമേറ്റെടുപ്പിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. ചെറുവള്ളി എസ്‌റ്റേറ്റിനു പുറത്തുനിന്ന്‌ 307 ഏക്കര്‍ ഏറ്റെടുക്കും.
3500 മീറ്റര്‍ നീളമുള്ള റണ്‍വേയടക്കം മാസ്‌റ്റര്‍ പ്ലാനിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. മണിമല വില്ലേജിലാണ്‌ ഏറ്റവും കൂടുതല്‍ സ്‌ഥലം ഏറ്റെടുക്കുക. പരിസ്‌ഥിതിലോല മേഖലയാണിത്‌. 2263 ഏക്കര്‍ ഏറ്റെടുക്കാനാണ്‌ നേരത്തെ ഡി.പി.ആര്‍. പദ്ധതി തയാറാക്കിയിരുന്നത്‌.
ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്‌ഥാവകാശ തര്‍ക്കം കോട്ടയം പാലാ കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ എസ്‌റ്റേറ്റ്‌ സര്‍ക്കാര്‍ ഉടമസ്‌ഥതയിലാണെന്ന വാദമുയര്‍ത്തി സംസ്‌ഥാനം പദ്ധതിയുമായി മുന്നോട്ടു പോകുന്നത്‌. പല കാലത്ത്‌ പല പ്രതിസന്ധികളില്‍ തട്ടി വൈകിയ പദ്ധതിയാണിത്‌. തുടര്‍പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കിലും പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്‌.
കഴിഞ്ഞ സംസ്‌ഥാന ബജറ്റില്‍ രണ്ടുകോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവച്ചിരുന്നു. പദ്ധതിക്ക്‌ കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ യടക്കം അംഗീകാരവും ലഭിച്ചിരുന്നു. ശബരിമല തീര്‍ത്ഥാടക ടൂറിസത്തിന്‌ വന്‍വളര്‍ച്ച നല്‍കുന്നതാണു പദ്ധതിയെന്നാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
വിമാനത്താവളത്തിന്‌ വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്‌. ഇനി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയാണു വേണ്ടത്‌. അമേരിക്കയിലെ ലൂയിസ്‌ ബര്‍ജറാണു വിമാനത്താവളം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്‌. കെ.എസ്‌.ഐ.ഡി.സിയാണ്‌ ഇവരെ ചുമതലയേല്‍പ്പിച്ചത്‌.

Leave a Reply