പ്രമുഖ കന്നഡ നടൻ മന്‍ദീപ് റോയ് അന്തരിച്ചു

0

ബെംഗളൂരു: പ്രമുഖ കന്നഡ നടൻ മന്‍ദീപ് റോയ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബറിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. 


കന്നഡ സിനിമയിൽ ഹാസ്യതാരമായി നിറഞ്ഞു നിന്ന മൻദീപ് റോയ് 500ഓളം സിനിമകളിൽ വേഷമിട്ടു. സിനിമയിൽ നിന്നുള്ള നിരവധി പേരാണ് മൻദീപിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത്. ബംഗാളി മാതാപിതാക്കളുടെ മകനായി ജനിച്ച മൻദീപ് പിന്നീട് കന്നഡയുടെ പ്രിയങ്കരനാവുകയായിരുന്നു. 


1981-ല്‍ പുറത്തിറങ്ങിയ ‘മിഞ്ചിന ഊട്ട’ ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, അമൃതധാരെ, കുരിഗാലു സാര്‍ കുരിഗാഗു തുടങ്ങിയവയാണ് പ്രധാനസിനിമകള്‍. അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍നാഗിന്റെ സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ പുനീത് രാജ്കുമാര്‍ ചിത്രം രാജകുമാര, പുഷ്പക വിമാന തുടങ്ങിയവയില്‍ മികച്ചവേഷം അവതരിപ്പിച്ചു. 2021-ല്‍ പുറത്തിറങ്ങിയ ഓട്ടോ രമണയായിരുന്നു അവസാന ചിത്രം. ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് സിനിമാമേഖലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Leave a Reply