ഡൽഹിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയെ പന്ത്രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; പുതുവത്സര ദിനത്തിൽ കൊല്ലപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ്; പ്രതിചേർക്കപ്പെട്ട അഞ്ചുപേരും അറസ്റ്റിൽ; അന്വേഷണം തുടരുന്നു

0

ന്യൂഡൽഹി: ഡൽഹിയിൽ സുൽത്താൻപുരിലെ കാഞ്ചവാലയിൽ പുതുവത്സര ദിനത്തിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സ്‌കൂട്ടർ യാത്രക്കാരി അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിനൊപ്പം മറ്റൊരു യുവതിയുമുണ്ടായിരുന്നതായി ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കാറിടിച്ചുവീണ യുവതിക്ക് നിസാര പരിക്കുകളുണ്ടായിരുന്നെന്നും പേടിച്ചുപോയ ഇവർ രക്ഷപ്പെടുകയായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.

തിങ്കളാഴ്ച വൈകീട്ടോടെയാണ് രണ്ടാമത്തെ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഇവരുടെ മൊഴിരേഖപ്പെടുത്തും. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുമ്പ് യുവതികൾ ഒരുമിച്ച് ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ മറ്റ് സുഹൃത്തുക്കുളം ആഘോഷത്തിൽ ഉണ്ടായിരുന്നു. ഇവരേയും ചോദ്യംചെയ്തേക്കും

അപകടത്തിനു പിന്നാലെ അഞ്ജലിയുടെ കാൽ, കാറിന്റെ ആക്‌സിലിൽ കുടുങ്ങിയതാണ് റോഡിലൂടെ പന്ത്രണ്ട് കിലോമീറ്ററോളം വലിച്ചിഴയ്ക്കാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു. അപകടം നടന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് റൂട്ട് മാപ്പ് തയാറാക്കുന്നതിനിടെയാണ് സുഹൃത്തും ഒപ്പമുണ്ടായിരുന്നെന്നുള്ള പൊലീസ് നിർണായക കണ്ടെത്തൽ.

വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിലെ കാഞ്ചവാലയിലാണു കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെ പിടികൂടി. ഇവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടു. കമ്മീഷണറോട് ഫോണിൽ വിവരങ്ങൾ തേടിയതിന് പിന്നാലെയാണ് വിശദറിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. സ്പെഷ്യൽ കമ്മീഷണർ ശാലിനി സിങ്ങായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയും അന്വേഷണത്തെക്കുറിച്ച് വിവരം തേടി.

കൊലക്കുറ്റത്തിനും ഗൂഢാലോചനയുമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തെത്തുടർന്ന് തിങ്കളാഴ്ച വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു.

കാറിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെന്ന കൺട്രോൾ റൂം സന്ദേശം ഞായറാഴ്ച പുലർച്ചെ 3.24നാണ് പൊലീസിന് ആദ്യം ലഭിച്ചത്. അന്വേഷണം നടത്തുന്നതിനിടെ 4.11നും സമാന സന്ദേശം ലഭിച്ചു. പിന്നാലെ കൃഷൻ വിഹാറിലെ ഷൈനി ബസാറിനടുത്തു മൃതദേഹം കണ്ടെത്തി. സ്‌കൂട്ടറും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കാറിൽ യുവതിയുടെ രക്തം കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് സൂചിപ്പിക്കുന്നു.

പോസ്റ്റ്‌മോർട്ടത്തിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും പീഡനാരോപണം പരിശോധിക്കുമെന്നും ഡൽഹി സ്‌പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം സ്‌പെഷൽ പൊലീസ് കമ്മിഷണർ ശാലിനി സിങ്ങിനെ അന്വേഷണച്ചുമതല ഏൽപിച്ചു.

പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തുന്നതിൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. അഞ്ച് പ്രതികൾക്കും വധശിക്ഷ ഉറപ്പാക്കണെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വർഷം മുൻപു മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here