സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് തിരിതെളിഞ്ഞു; കലോത്സവം മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയെന്ന് മുഖ്യമന്ത്രി; 24 വേദികളിൽ 239 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത് 14,000 പ്രതിഭകൾ

0

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു കോഴിക്കോട് തിരിതെളിഞ്ഞു. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികൾ വേദിയിലെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലത്തിന്റെ കണ്ണാടിയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്‌കൂൾ കലോത്സവം രാഷ്ട്രീ – സാമൂഹിക സാഹിത്യ മേഖലയിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്നതാണ്. സാമൂഹിക വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതാണ് ആദ്യ ഘട്ടങ്ങളിൽ ഇല്ലാതിരുന്ന പല കലാരൂപങ്ങളും പിന്നീട് ഉണ്ടായി. പല കലാരൂപങ്ങളും നവീകരിക്കപ്പെട്ടു.

വിജയിക്കലല്ല പങ്കെടുക്കലാണ് കാര്യമെന്ന് രക്ഷിതാക്കളും കുട്ടികളും മനസിലാക്കണം. കലാ സാംസ്‌കാരിക മേഖലയുടെ ആകെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തലാകട്ടെ ഈ മഹോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

സ്പീക്കർ എ.എൻ. ഷംസീർ, പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നർത്തകിയും സിനിമാതാരവുമായ ആശ ശരത് മുഖ്യാതിഥിയായിരുന്നു.

24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. കലോത്സവത്തിലും കായികമേളയിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികവു തെളിയിക്കുന്ന കുട്ടികൾക്കു ഗ്രേസ് മാർക്കു നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്തവർഷം മുതലെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ കോവിഡിനു മുൻപുള്ള മാതൃകയിൽ ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here