സുരക്ഷയ്‌ക്കുവേണ്ടിയെന്ന പേരില്‍ സി.സി. ടിവി കാമറകള്‍ സ്‌ഥാപിച്ച്‌ അയല്‍വാസികളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കരുതെന്നു ഹൈക്കോടതി

0

സുരക്ഷയ്‌ക്കുവേണ്ടിയെന്ന പേരില്‍ സി.സി. ടിവി കാമറകള്‍ സ്‌ഥാപിച്ച്‌ അയല്‍വാസികളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കരുതെന്നു ഹൈക്കോടതി.
സുരക്ഷയ്‌ക്കുവേണ്ടി നിരീക്ഷണ കാമറകള്‍ സ്‌ഥാപിക്കുന്നതിനു സംസ്‌ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചു പോലീസ്‌ മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും അയല്‍വാസിയെ നിരീക്ഷിക്കുന്നത്‌ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധത്തില്‍ അയല്‍വാസി സി.സി.ടിവി ക്യാമറ സ്‌ഥാപിച്ചെന്നും ഇതു സ്വകാര്യതയുടെ ലംഘനമാണെന്നും ആരോപിച്ച്‌ എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിനിയായ ആഗ്‌നസ്‌ മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റിസ്‌ വി.ജി. അരുണിന്റെ ഉത്തരവ്‌. ഹര്‍ജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്‌, പഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവര്‍ക്കു നോട്ടീസ്‌ നല്‍കാനും ഉത്തരവില്‍ പറയുന്നു.
ഡി.ജി.പിയെ കേസില്‍ സ്വമേധയാ കക്ഷിചേര്‍ത്ത കോടതി, ഹര്‍ജിയുടെ പകര്‍പ്പ്‌ അദ്ദേഹത്തിനു നല്‍കണമെന്നും കോടതി പ്രകടിപ്പിച്ച ഉത്‌കണ്‌ഠ അറിയിക്കണമെന്നും വ്യക്‌തമാക്കി. ഹര്‍ജി ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും

Leave a Reply