ചാരക്കേസ്‌: ഗൂഢാലോചനയ്‌ക്ക്‌ തെളിവ്‌ കിട്ടാതെ സി.ബി.ഐ

0


കൊച്ചി : ഐ.എസ്‌.ആര്‍.ഒ. ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണത്തില്‍ പുരോഗതിയില്ല. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തിനിടെ രാജ്യാന്തര ഗൂഢാലോചനയ്‌ക്കുള്ള തെളിവ്‌ ഹാജരാക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല. എസ്‌. വിജയന്‍, എസ്‌. ദുര്‍ഗദത്ത്‌, സിബി മാത്യൂസ്‌, ആര്‍.ബി. ശ്രീകുമാര്‍, ഐ.ബി. മുന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.എസ്‌. ജയപ്രകാശ്‌, വി.കെ. മൈനി എന്നിവരുടെ ജാമ്യഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്‌. വാദം പൂര്‍ത്തിയായ ജാമ്യഹര്‍ജിയില്‍ ഇന്നു വിധിയുണ്ടാകും.
പ്രതിഭാഗം മൂന്നു ദിവസം വാദിച്ചപ്പോള്‍ 15 മിനിറ്റാണ്‌ സി.ബി.ഐയ്‌ക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി. രാജു വാദിച്ചത്‌. തുടര്‍ന്നു കേസ്‌ ഡയറി ഹാജരാക്കി. ഇതില്‍ നമ്പി നാരായണന്‍, മറിയം റഷീദ തുടങ്ങിയവരുടെ മൊഴി മാത്രമാണുള്ളത്‌. 1994 ല്‍ നടന്ന കേസില്‍ 29 വര്‍ഷം കഴിഞ്ഞ്‌ അന്വേഷിച്ചാല്‍, എന്തു തെളിവു ലഭിക്കുമെന്നാണു പ്രതികളുടെ വാദം.
പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യംചെയ്യണമെന്നുമാത്രമാണു സി.ബി.ഐയുടെ വാദം. മറ്റു തെളിവില്ലാതെ കസ്‌റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമെന്തെന്നു ജസ്‌റ്റിസ്‌ കെ. ബാബു ചോദിച്ചു. പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുമെന്ന കണക്കുകൂട്ടലില്‍ സി.ബി.ഐ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുക്കം തുടങ്ങി.
ക്രിമിനല്‍ നടപടിച്ചട്ടം 41 എ പ്രകാരം നോട്ടീസ്‌ ലഭിച്ചതോടെയാണു പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്‌. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ജസ്‌റ്റിസ്‌ വിജു ഏബ്രഹാമിന്റെ ഉത്തരവ്‌ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വീണ്ടും കേസ്‌ പരിഗണിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജസ്‌റ്റിസ്‌ വിജു ഏബ്രഹാം പിന്മാറി.
അന്വേഷണത്തോടു പ്രതികള്‍ സഹകരിച്ചതുകൊണ്ടാണു സുപ്രീം കോടതി തല്‍കാലത്തേക്കു പ്രതികളുടെ അറസ്‌റ്റ്‌ തടഞ്ഞത്‌. വസ്‌തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികള്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളെന്നുമാണു സി.ബി.ഐ. വാദം. വേണ്ടത്ര തെളിവോ രേഖകളോ ഇല്ലാതെയാണു നമ്പി നാരായണനെ അറസ്‌റ്റ്‌ ചെയ്‌തതെന്നും സി.ബി.ഐ. വാദിച്ചു. എന്നാല്‍, റോയും ഐ.ബിയും പറഞ്ഞിട്ടായിരുന്നു അറസ്‌റ്റെന്നു സിബി മാത്യൂസ്‌ വാദിച്ചു.

Leave a Reply