നവകേരളത്തെയും ലൈഫ് പദ്ധതിയേയും പുകഴ്ത്തി, സര്‍ക്കാരിനെ അഭിനന്ദിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

0

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് ഇന്ന് രാവിലെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമദ്ദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അദ്ദേഹം മലയാളത്തില്‍ ആശംസ നേര്‍ന്നു. പ്രസംഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഗവര്‍ണ്ണര്‍.

സാമൂഹിക സുരക്ഷയില്‍ കേരളത്തിന്റെ നേട്ടം വലുതാണെന്നും ലോകത്തിനു തന്നെ മാതൃകയായെന്നും ഗവര്‍ണ്ണര്‍ പ്രസംഗത്തില്‍ സൂചിപിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കാന്‍ നവകേരള പദ്ധതിക്ക് സാധിച്ചു. മികച്ച നേട്ടം ഉണ്ടാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക കഴിഞ്ഞുവെന്നും വ്യവസായ വളര്‍ച്ചയില്‍ കേന്ദ്രത്തില്‍ നിന്നും കേരളം പ്രചോദനം ഉള്‍കൊണ്ടുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ പ്രത്യേകം പുകഴ്ത്താന്‍ ഗവര്‍ണ്ണര്‍ മറന്നില്ല. എല്ലാവര്‍ക്കും വീട് എന്ന രാജ്യത്തിന്റെ സ്വപ്‌നത്തിന് കരുത്ത് പകരാന്‍ പദ്ധതിക്ക് സാധിച്ചു. ആരോഗ്യ മേഖലയിലും മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കി. ചെറിയ ആശുപത്രികള്‍ മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് വരെ വളര്‍ച്ചയുടെ മാറ്റം കാണാനാകും. ഇവിടുത്തെ കാര്‍ഷിക പദ്ധതികള്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യക്ക് വഴിയൊരുക്കിയത് മോഡി സര്‍ക്കാരാണെന്നും സന്ധിയില്ലതെ തീവ്രവാദത്തിനെതിരെ നിലപാടെടുക്കാനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം സൂചിപിച്ചു.

Leave a Reply