ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിന് കൂറ്റൻ വിജയലക്ഷ്യം

0

ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിന് കൂറ്റൻ വിജയലക്ഷ്യം. ഇൻഡോർ, ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശർമ (101), ശുഭ്മാൻ ഗിൽ (112), ഹർദ്ദിക് പാണ്ഡ്യ(54) എന്നിവരുടെ ബാറ്റിങ്ങ് കരുത്തിൽ 385 റൺസാണ് ടീം ഇന്ത്യ അടിച്ചെടുത്തത്. ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലൻഡിന്റെ തീരുമാനം തെറ്റാണ് എന്ന് തെളിയിച്ചാണ് ബാറ്റിങ് ആരംഭിച്ചത്. തകർപ്പൻ ഫോമിൽ കളിച്ചുതുടങ്ങിയ രോഹിത്തും ഗില്ലും കിവീസ് ബൗളർമാർക്ക് ഒരവസരവും നൽകാതെ ബാറ്റുവീശി. 12-ാം ഓവറിൽ ശുഭ്മാൻ ഗിൽ അർധസെഞ്ചുറി കുറിച്ചു. 34 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പരമ്പരയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഗിൽ ഈ മത്സരത്തിലും പ്രതിഭ തെളിയിച്ചു. 13-ാം ഓവറിൽ ഇന്ത്യ 100 കടന്നു.

14-ാം ഓവറിലെ ആദ്യ പന്തിൽ സാന്റ്നറെ സിക്സറിന് പറത്തിക്കൊണ്ട് രോഹിത്തും അർധസെഞ്ചുറി നേടി. ഇതോടെ ന്യൂസീലൻഡ് ബൗളർമാരുടെ മുഖത്ത് നിരാശ പടർന്നു. അർധസെഞ്ചുറി നേടിയ ശേഷം ഗില്ലും രോഹിത്തും ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റി. 18 ഓവറിൽ ടീം സ്‌കോർ 150 കടന്നു. 24.1 ഓവറിൽ ഗില്ലും രോഹിത്തും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ട് പൂർത്തിയാക്കി.

ടിക്നർ ചെയ്ത 26-ാം ഓവറിലെ രണ്ടാം പന്തിൽ സിംഗിളെടുത്തുകൊണ്ട് രോഹിത് സെഞ്ചുറി പൂർത്തിയാക്കി. 83 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം കണ്ടത്. രോഹിത്തിന്റെ കരിയറിലെ 30-ാം ഏകദിന സെഞ്ചുറിയാണിത്. അതേ ഓവറിലെ അവസാന പന്തിൽ ഗില്ലും സഞ്ചുറി പൂർത്തീകരിച്ചു. വെറും 72 പന്തുകളിൽ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.

എന്നാൽ തൊട്ടടുത്ത ഓവറിൽ രോഹിത് പുറത്തായി. മൈക്കിൾ ബ്രേസ്വെല്ലിനെ സിക്സടിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാഴായി. ബാറ്റിൽ നിന്നൊഴിഞ്ഞ പന്ത് വിക്കറ്റ് പിഴുതു. 85 പന്തിൽ നിന്ന് ഒൻപത് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെ 101 റൺസ് നേടിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. ഗില്ലിനൊപ്പം 212 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിന് സാധിച്ചു.

സെഞ്ചുറി നേടിയ ശേഷം തകർത്തടിച്ച ഗിൽ 28-ാം ഓവറിലെ അവസാന പന്തിൽ പുറത്തായി. ബ്ലെയർ ടിക്നറുടെ പന്ത് ഉയർത്തിയടിച്ച ഗിൽ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 78 പന്തിൽ നിന്ന് 13 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 112 റൺസെടുത്താണ് ഗിൽ മടങ്ങിയത്. ഗില്ലിന് പകരം ഇഷാൻ കിഷൻ ക്രീസിലെത്തി.

രോഹിത്തും ഗില്ലും മടങ്ങിയ ശേഷം ക്രീസിൽ വിരാട് കോലിയും ഇഷാൻ കിഷനും ഒന്നിച്ചു. ഇരുവരും നന്നായി ബാറ്റുചെയ്തുകൊണ്ടിരിക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച് ഇഷാൻ കിഷൻ റൺ ഔട്ടായി. 24 പന്തിൽ നിന്ന് 17 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് കോലി ട്വന്റി 20 ശൈലിയിൽ ബാറ്റുവീശി. എന്നാൽ കോലിയെ വീഴ്‌ത്തി ജേക്കബ് ഡഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തിൽ നിന്ന് 36 റൺസാണ് കോലിയുടെ സമ്പാദ്യം.

സൂര്യകുമാറിനും പിടിച്ചുനിൽക്കാനായില്ല. രണ്ട് സിക്സടിച്ച് വരവറിയിച്ചെങ്കിലും 14 റൺസെടുത്ത താരത്തെ ഡഫി കോൺവെയുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ പതറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റൺസെന്ന നിലയിൽ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് നിലംപൊത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും ചേർന്ന് ടീം സ്‌കോർ 300 കടത്തി. എന്നാൽ സുന്ദറിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും 9 റൺസെടുത്ത താരത്തെ ടിക്നർ പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here