‘ഉപഗ്രഹ സര്‍വേ മാപ്പ് അബദ്ധജടിലം, പിന്‍വലിക്കണം’; നാളെ മുതല്‍ സമരമെന്ന് താമരശ്ശേരി രൂപത

0

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം പ്രഖ്യാപിച്ച് താമരശ്ശേരി രൂപത. ബഫർസോൺ നിർണയവുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ അനുസരിച്ച് തയ്യാറാക്കിയ മാപ് അബദ്ധജഡിലമാണെന്നും പിൻവലിക്കണമെന്നും താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങും.

കർഷകരെ ബാധിക്കാതെ വിധം അതിർത്തി നിർണയിക്കണ​മെന്നും പഞ്ചായത്തുകളുടെ സഹായം തേടണമെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ തിരുവമ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും തെറ്റ് നിറഞ്ഞ മാപ്പാണ് പുറത്ത് വിട്ടത്. കർഷകരുടെ വിഷമം മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തിൽ സർവേ നടത്തണം. സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് തന്നെ സമർദ്ദം ചെലുത്തിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികാഘാത പഠനം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കണം. അതിജീവനത്തിനുള്ള അവകാശം കര്‍ഷകര്‍ക്കുണ്ട്. അത് നിഷേധിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. റവന്യു ഭൂമിയെ കുറിച്ച് പഠിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് തന്നെ തെറ്റാണ്. അതു കൊണ്ടു തന്നെ സര്‍ക്കാറിനെ വിശ്വസിക്കുന്നില്ല. വിഷയം ഇത്ര ഗൗരവമായിട്ടും മുഖ്യമന്ത്രി ഇടപ്പെടുന്നില്ല. വൈകിയ വേളയില്‍ എങ്കിലും മുഖ്യമന്ത്രി ഇടപെടണമെന്നും താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

ഇതിനിടെ സിപിഎം ഭരിക്കുന്ന ബത്തേരി നഗരസഭ ബഫർസോൺ വിഷയത്തിൽ പ്രമേയം പസാക്കി. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നുമാണ് നഗരസഭ ആവശ്യപ്പെടുന്നത്. സുൽത്താൻബത്തേരി നഗരമാകെ ബഫർ സോൺ പരിധിയിലാണ് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here