ഞാൻ തയ്യാർ, വാമോസ് അർജന്റീന’; ആരാധകർക്ക് ആവേശമേകി മെസിയുടെ വാക്കുകൾ; ഫൈനലിൽ അർജന്റീന ഇറങ്ങുക ഹോം ജേഴ്‌സിയിൽ

0

ദോഹ: ഖത്തർ ലോകകപ്പ് കലാശപ്പോരിൽ അർജന്റീന – ഫ്രാൻസിനെ നേരിടാൻ ഒരുങ്ങവെ ആരാധകർക്ക് ആവേശം പകരുന്ന വാക്കുകളുമായി നായകൻ ലയണൽ മെസി. ‘ഞാൻ തയ്യാർ, വാമോസ് അർജന്റീന’ എന്നാണ് സാമൂഹ്യ മാധ്യമത്തിൽ അർജന്റീന നായകൻ കുറിച്ചത്. 36 വർഷത്തിനു ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്നം വീണ്ടും നേടണം. അതും ലയണൽ മെസിയുടെ കൈകളിലൂടെ. ഇതിനുള്ള കാത്തിരിപ്പിലാണ് മെസിയുടേയും അർജന്റീനയുടേയും ആരാധകർ.

ഇതിനിടയിലാണ് സോഷ്യൽമീഡിയയിൽ മെസിയുടെ പോസ്റ്റ് എത്തുന്നത്. ഒരിക്കൽ കൂടി ലോകകപ്പ് നേടിയാൽ മൂന്നാംവട്ടമാകും അർജന്റീന ലോകകിരീടം നേടുന്നത്. ഇതിനു മുമ്പ് 1986 ലാണ് അർജന്റീന അവസാനമായി ലോകകപ്പ് കിരീടം നേടുന്നത്. അതിനു ശേഷം പലകുറി കിരീടം അർജന്റീനയെ കൊതിപ്പിച്ചു കടന്നുകളഞ്ഞു. ഇത്തവണത്തേത് മെസിയുടെ അവസാന ലോകകപ്പാകും. ലോകകപ്പ് കിരീടം നേടിയുള്ള ഇതിഹാസ താരത്തിന്റെ മടക്കമാണ് ലോകമെമ്പാടുമുള്ള ആരാധകരുടേയെല്ലാം ആഗ്രഹവും.

കഴിഞ്ഞ തവണ ലോകജേതാക്കളായ ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ. ഫൈനലിൽ ഹോം ജേഴ്‌സിയിലാണ് അർജന്റീന മത്സരത്തിന് ഇറങ്ങുന്നത്. ഇതും ആരാധകരെ ആവേശത്തിലാക്കുന്നു.

അതേ സമയം ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ധരിക്കുക 2018ലെ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരെ ധരിച്ച പൂർണമായും നില നിറത്തിലുള്ള ജേഴ്‌സിയാണ്. നീല നിറത്തിലുള്ള ജേഴ്‌സിയും ഷോർട്‌സും ധരിച്ചാവും ഫ്രാൻസ് ഫൈനലിനിറങ്ങുക.

മുൻ മത്സരങ്ങളിൽ നീല നിറത്തിലുള്ള ജേഴ്‌സിയും വെള്ള നിറത്തിലുള്ള ഷോർട്‌സും ധരിച്ചാണ് ഫ്രാൻസ് മത്സരിക്കാൻ ഇറങ്ങിയിരുന്നത്. ഈ ലോകപ്പിൽ ടുണീഷ്യക്കെതിരായ ഒരേയൊരു മത്സരത്തിൽ മാത്രമാണ് ഫ്രാൻസ് പൂർണമായും നീലനിറത്തിലുള്ള കിറ്റ് ധരിച്ച് കളിക്കാനിറങ്ങിയത്. ആ മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ചശേഷം ആദ്യ ഇലവനിലെ ഒമ്പത് കളിക്കാരെ മാറ്റി ടുണീഷ്യക്കെതിരെ ഇറങ്ങിയ ഫ്രാൻസിന് അടിതെറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ ഒരു ഗോളിന് പിന്നിലായതോടെ പ്രമുഖ താരങ്ങളെയെല്ലാം പകരക്കാരാക്കി ഇറക്കിയെങ്കിലും നാടകീയമായ അന്ത്യ നിമിഷങ്ങൾക്കൊടുവിൽ ടുണീഷ്യ ലോക ചാമ്പ്യന്മാരെ വീഴ്‌ത്തി. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് അന്റോണിയോ ഗ്രീസ്മാൻ ടുണീഷ്യൻ വലയിൽ പന്തെത്തിച്ചെങ്കിലും വാറിൽ അത് ഓഫ് സൈഡാണെന്ന് വിധിച്ചു.

കളിക്കളത്തിൽ അർജന്റീനയുടെ വെള്ള ഷോർട്‌സുമായി ആശയക്കുഴപ്പം ഒഴിവാക്കാൻ കൂടിയാണ് ഫ്രാൻസ് നാളെ നീല ഷോർട്‌സും ധരിച്ചിറങ്ങുന്നത്. ഒപ്പം 2018ലെ ലോകകപ്പ് ഫൈനൽ ഭാഗ്യവും ഫ്രാൻസിന്റെ മനസിലുണ്ട്. 2018ലെ ഫൈനലിൽ 4-2-ന് ക്രൊയേഷ്യയെ തകർത്താണ് ഫ്രാൻസ് രണ്ടാം കിരീടം നേടിയത്. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാൽ 1962ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാവാൻ ഫ്രാൻസിന് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here