പോപ്പുലർഫ്രണ്ടിന്റെ യൂണിഫോമിട്ട സഹായികളെ കണ്ടെത്താനും ഐബി

0


പത്തനംതിട്ടയിൽ ‘പച്ചവെളിച്ചം’ സജീവമോ? എൻഐഎ എത്തും മുമ്പ് റാഷിദ് വീട്ടിൽ നിന്ന് മുങ്ങിയത് റെയ്ഡ് വിവരം ചോർന്നതിന് തെളിവ്; പൊലീസിനെ സഹകരിപ്പിക്കാനെന്ന തരത്തിൽ വിവരങ്ങൾ 12 മണിക്കൂർ മുമ്പ് കൈമാറിയത് റെയ്ഡ് വിവരം ചോരുമോ എന്ന് അറിയാനുള്ള കേന്ദ്ര തന്ത്രം? ലക്ഷ്യമിട്ടവരൊന്നും വീട്ടിലില്ല! പോപ്പുലർഫ്രണ്ടിന്റെ യൂണിഫോമിട്ട സഹായികളെ കണ്ടെത്താനും ഐബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ടാം റെയ്ഡിൽ ലക്ഷ്യമിട്ട നേതാക്കളെല്ലാം എൻഐഎ എത്തുമുമ്പ് വീടുകളിൽ നിന്നും മാറി. ഇന്നലെ വൈകിട്ടോടെ തന്നെ റെയ്ഡിന്റെ സൂചനകൾ കേരളാ പൊലീസിന് എൻഐഎ കൈമാറിയിരുന്നു. കേന്ദ്ര സേനയെ ഒഴിവാക്കി പൊലീസ് സഹായത്തോടെ റെയ്ഡ് നടത്താനായിരുന്നു നീക്കം. ഇതുകൊണ്ടാണ് പൊലീസിനെ കാര്യങ്ങളിൽ സൂചന നൽകിയത്. എവിടെയാണ് റെയ്ഡ് എന്നത് ഇന്ന് പുലർച്ചെ മാത്രമാണ് കൈമാറിയത്. എന്നാൽ ഇന്നലെ നൽകിയ സൂചനകൾ പോലും ചോർന്നു. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും എൻഐഎ എത്തും മുമ്പേ നേതാക്കൾ വീടുവിട്ടു പോയി. ഇതിന് കാരണം റെയ്ഡ് വാർത്ത ചോർന്നുവെന്നാണ് സൂചന. അതിനിടെ പൊലീസിനെ വിവരം അറിയിച്ചാൽ പോപ്പുലർ ഫ്രണ്ടുകാർ അതറിയുമോ എന്ന് മനസ്സിലാക്കാനുള്ള എൻഐഎ തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്.

പൊലീസിനുള്ളിലും പോപ്പുലർഫ്രണ്ടിന് ചാരന്മാരുണ്ടെന്ന നിഗനം ശക്തമാണ്. പ്രത്യേകിച്ച് പത്തനംതിട്ടയിൽ. പച്ചവെളിച്ചം ഗ്രൂപ്പ് അടക്കം സജീവമായിരുന്നു. ഇതിന്റെ സ്വാധീനം പരിശോധിക്കാൻ കൂടി വേണ്ടിയാണ് ഇന്നലെ തന്നെ റെയ്ഡിനെ കുറിച്ച് പൊലീസിന് വിവരം നൽകിയത്. രണ്ടാം നിരക്കാരെ ലക്ഷ്യമിടുന്നുവെന്ന സൂചനകളാണ് നൽകിയത്. രാവിലെ മൂന്ന് മണിയോടെ റെയ്ഡ് നടന്നു. പത്തനംതിട്ടയിൽ പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഇവിടെയൊന്നും ലക്ഷ്യമിട്ടെത്തിയവർ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടന്നു. എൻഐഎ എത്തുന്നതിന് തൊട്ടുമുമ്പ് റാഷിദ് സ്ഥലം വിട്ടു. ഇതാണ് സംശയത്തിന് കാരണം.

സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. നിസാർ പത്രപ്രവർത്തകനാണ്. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടന്നു. പി.എഫ്.ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന. ഇവർക്കെല്ലാം വിവരങ്ങൾ ചോർന്നു കിട്ടിയെന്നാണ് സൂചന. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുൻ ഭാരവാഹികളുടെ വീടുകളിലായിരുന്നു എൻ.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്.

ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ – 12 കേന്ദ്രങ്ങളിൽ. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഡൽഹി നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തി. പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങി. മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്‌ഐ നിരോധിക്കുന്നത്.

എന്നാൽ പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടത്തിയത്. ഇതുകാരണം ചില മേഖലകളിൽ വിവരങ്ങൾ ചോർന്നു.

തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടന്നു. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് റെയ്ഡ്. പി.എഫ്.ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, പിഎഫ്‌ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here