സങ്കൽപ്പത്തിലെ പങ്കാളിയെപ്പറ്റി മനസ്സു തുറന്ന് രാഹുൽ ഗാന്ധി

0

ന്യൂഡൽഹി: സങ്കൽപ്പത്തിലെ പങ്കാളിയെപ്പറ്റി മനസ്സു തുറന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ പദയാത്രയ്ക്കിടെ ഒപ്പം കൂടിയ യുട്യൂബ് അഭിമുഖകാരന്റെ ചോദ്യത്തിനോടാണ് രാഹുൽ ഗാന്ധി തന്റെ സങ്കൽപ്പത്തിലെ പങ്കാളിയെ കുറിച്ച് മനസ്സ് തുറന്നത്. ഉരുക്കു വനിതയെന്നറിയപ്പെട്ട വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള ഒരു വനിതയെയാണോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. അമ്മൂമ്മയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി എന്നായിരുന്നു രാഹുലിന്റെ മറുപടി.

ഏതാനും ദിവസം മുൻപു പദയാത്രയ്ക്കിടെ സംസാരിക്കാനെത്തിയ ‘ബോംബെ ജേണി’ അവതാരകനുമൊത്തുള്ള വിഡിയോ അഭിമുഖത്തിനിടെയാണ് രാഹുൽ മനസ്സു തുറന്നത്. രാഹുൽ ഇതാദ്യമായിട്ടാണ് സങ്കൽപ്പത്തിലുള്ള പങ്കാളിയെ കുറിച്ച് പറയുന്നത്. ഇതിന്റെ വീഡിയോ രാഹുൽ സ്വന്തം യുട്യൂബ് ചാനലിലും പങ്കു വച്ചതാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ജീവിതത്തിലെ സ്‌നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയ ഗാന്ധി കഴിഞ്ഞാൽ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞപ്പോഴായിരുന്നു ജീവിതപങ്കാളിയെപ്പറ്റി ചോദ്യമെത്തിയത്.

പപ്പു എന്നൊക്കെ വിളിച്ചു പരിഹസിക്കുന്നതിൽ എതിരാളികളോട് പരിഭവം ഒട്ടുമില്ല. മിണ്ടാപ്പാവ എന്ന് ആദ്യമൊക്കെ പരിഹാസം കേട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയായത്. അവർ എക്കാലവും ഉരുക്കു വനിതയായിരുന്നു. പപ്പു എന്നല്ല, പുതിയ പേരുകളുമായി വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ മനസ്സ് വളരെ ശാന്തമാണ് വേഗത്തിലുള്ള നടപ്പ് തുടർന്നു കൊണ്ടു തന്നെ രാഹുൽ പറഞ്ഞു.

Leave a Reply