പോപ്പുലർഫ്രണ്ടിന്റെ ഗൾഫ് സാമ്പത്തിക ചാനൽ തകർക്കാൻ കേന്ദ്ര ഏജൻസി

0


ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് രഹസ്യമായി പ്രവർത്തനം; ജമാത്ത്- ഉൽ- മുജാഹിദീൻ ബംഗ്ലാദേശുമായും ബന്ധം; ബംഗാളി തൊഴിലാളികളെന്ന പേരിൽ തീവ്രവാദികളെ കേരളത്തിലെത്തിക്കാൻ സാധ്യതയെന്നും കണ്ടെത്തി ഐബിയുടെ ‘ഓപ്പറേഷൻ ചക്രവ്യൂഹ’; പിന്നാലെ വീണ്ടും എൻഐഎയുടെ കേരളാ റെയ്ഡ്; പോപ്പുലർഫ്രണ്ടിന്റെ ഗൾഫ് സാമ്പത്തിക ചാനൽ തകർക്കാൻ കേന്ദ്ര ഏജൻസി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് പുതിയ രഹസ്യസംഘടനയുണ്ടാക്കി പ്രവർത്തിക്കാൻ പോപ്പുലർ ഫ്രണ്ടുകാർ ശ്രമിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറുകയും ചെയ്തു. ഇത് പരിശോധിച്ച ശേഷമാണ് റെയ്ഡിൽ തീരുമാനമെടുത്തത്. എൻഐഎയുടെ ഭാഗമായ കേരളാ കേഡറിലെ വിജയ് സാഖറെ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയും വാങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവും തെളിവുകൾ പരിശോധിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തേും സുരക്ഷയേയും സാമുദായിക സൗഹാർദത്തേയും ബാധിക്കുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്ഐക്ക് നിരോധിത സംഘടനയായ ജമാത്ത്- ഉൽ- മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്‌ഐ) നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഐഎ പരിശോധന വീണ്ടും നടക്കുകയാണ്. പുലർച്ചെയാണ് എൻഐഎ സംഘം കേരളത്തിലെത്തിയത്. എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തുമാണു പരിശോധന. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ പത്തനംതിട്ടയിലെ വീടും പരിശോധിച്ചു. ആലപ്പുഴയിൽ ചിന്തൂർ, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിൽ ആലുവ, എടവനക്കാട്, വൈപ്പിൻ പ്രദേശങ്ങളിലുമാണ് പരിശോധന. പ്രവർത്തകരുടെ സ്ഥാപനങ്ങളിലും പുലർച്ചെ മുതൽ പരിശോധന തുടരുകയാണ്.

പിഎഫ്‌ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണു റെയ്‌ഡെന്നാണു സൂചന. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി. പോപ്പുലർഫ്രണ്ടിനെ നിരോധിച്ചെങ്കിലും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇത് പൂർണ്ണമായും തടയാനാണ് ഈ റെയ്ഡ്. ഇനിയും ഇത്തരം ഓപ്പറേഷനുകൾ ഉണ്ടാകും.

രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ പിഎഫ്ഐയും അനുബന്ധ സംഘടനകളും ഐ.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കരുതൽ വേണമെന്നുമായിരുന്നു മുന്നറിയിപ്പ്. ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നിട്ടുണ്ടെന്നും കേന്ദ്രം കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള രണ്ടാം റെയ്ഡ്. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ തുറന്നുസമ്മതിച്ചിരുന്നു. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങൾ നിർജ്ജീവമാണെന്നും കേന്ദ്ര സേന വിലയിരുത്തുന്നു. അതുകൊണ്ട് കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ വിഭാഗം കൂടുതൽ സജീവമാകും.

Leave a Reply