പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിൽ സിബിഐ വിവര ശേഖരണം

0

കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിൽ സിബിഐ വിവര ശേഖരണം. സീനിയർ മാനേജർ എംപി.റിജിൽ കോഴിക്കോട് കോർപറേഷന്റേത് ഉൾപ്പെടെ 17 അക്കൗണ്ടുകളിലായി മൊത്തം 21.6 കോടിയുടെ തിരിമറി നടത്തിയെന്നു ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. അക്കൗണ്ടുകളിൽനിന്നു കോടികൾ നഷ്ടമായിട്ടും മാസങ്ങളോളം ഇക്കാര്യം അറിയാതെപോയത് കോർപറേഷന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ്. ഇത് അട്ടിമറിയുടെ സൂചനയാണ്. കൂടുതൽ പേർക്ക് പങ്കുണ്ടാകാനും സാധ്യതയുണ്ട്. ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയതോടെയാണ് കോഴിക്കോട് കോർപറേഷനും രംഗത്തെത്തിയത്.

കോർപറേഷന്റെ കുടുംബശ്രീ അക്കൗണ്ടിൽനിന്നു മെയ്‌, ജൂൺ മാസങ്ങളിലായി 10.81 കോടി നഷ്ടമായിരുന്നു. എന്നാൽ ഒക്ടോബർ, നവംബർ മാസങ്ങളിലെ തട്ടിപ്പ് പുറത്തുവന്നപ്പോഴാണു മാസങ്ങൾക്കു മുൻപേ ഇത്രയും വലിയ തുക നഷ്ടമായിരുന്ന കാര്യം കോർപറേഷൻ അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ബാങ്ക ഓഡിറ്റിലേക്ക് കടന്നത്. തട്ടിച്ചെടുത്ത 9 കോടിയോളം രൂപ കോർപറേഷന്റെ 2 അക്കൗണ്ടുകളിലും 3 വ്യക്തിഗത അക്കൗണ്ടുകളിലുമായി തിരികെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തൽ. കോർപറേഷന്റെ 6 അക്കൗണ്ടുകളിൽനിന്നും 6 വ്യക്തികളുടെ അക്കൗണ്ടുകളിൽനിന്നുമായി 12.68 കോടി രൂപ നഷ്ടമായി.

ഒരു വ്യക്തിക്കു മാത്രം 18 ലക്ഷം രൂപ പോയി. ജില്ലാ ക്രൈം ബ്രാഞ്ചിന് ഓഡിറ്റ് റിപ്പോർട്ട് കൈമാറി. ഇതിന് പിന്നാലെയാണ് സിബിഐയും വിവര ശേഖരണത്തിന് എത്തിയത്. സിബിഐയ്ക്കും റിപ്പോർട്ട് കൈമാറി. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണു തിരിമറി നടന്നത്. ഇവിടെ മാനേജരായിരുന്ന റിജിൽ ആറുമാസം മുൻപ് സീനിയർ മാനേജരായി നഗരത്തിലെ തന്നെ എരഞ്ഞിപ്പാലം ശാഖയിലേക്കു മാറി. തുടർന്നും ഇയാൾ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ തിരിമറി നടത്ത. ഒളിവിലുള്ള റിജിലിന്റെ മുൻകൂർ ജാമ്യഹർജിയെ അതിശക്തമായി പൊലീസ് എതിർക്കും. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ അറസ്റ്റ് അനിവാര്യമാണെന്നാണ് നിലപാട്.

അക്കൗണ്ടുകളിൽനിന്നു നഷ്ടമായെന്നു കോർപറേഷൻ പറയുന്ന തുകയും ബാങ്ക് ഓഡിറ്റിൽ കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തക്കേടുണ്ട്. 7 അക്കൗണ്ടുകളിൽനിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ് കോർപറേഷൻ പറയുന്നത്. എന്നാൽ കോർപറേഷന്റെ 6 അക്കൗണ്ടുകളിൽനിന്നായി 12.4 കോടി രൂപ നഷ്ടമായെന്നാണ് ബാങ്കിന്റെ ഓഡിറ്റിൽ കണ്ടെത്തിയത്. മറ്റു രണ്ട് അക്കൗണ്ടുകളിൽനിന്നായി കോർപറേഷനു നഷ്ടമായ 2.3 കോടി രൂപ തിരികെ നിക്ഷേപിച്ചതായും പറയുന്നു. കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ 3 കോടിയോളം രൂപ എവിടെപ്പോയെന്നു മേയറും ഡപ്യൂട്ടി മേയറും ജനങ്ങളോടു പറയണമെന്നു യുഡിഎഫ് ആവശ്യപ്പെടുന്നു.

പഞ്ചാബ് നാഷനൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടുകളിൽ നിന്ന് 15.24 കോടി രൂപ നഷ്ടമായെന്നാണു മേയറും ഡപ്യൂട്ടി മേയറും പറഞ്ഞിരുന്നത്. എന്നാൽ ബാങ്കും, കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചും പറയുന്നത് 12 കോടിയോളം രൂപയാണ് നഷ്ടമായതെന്നാണ്. ബാക്കി 3 കോടിയോളം രൂപ എവിടെപ്പോയെന്നു കോർപറേഷൻ വ്യക്തമാക്കണമെന്നു യുഡിഎഫ് കോർപറേഷൻ കക്ഷിയോഗം ആവശ്യപ്പെട്ടു. പണം നഷ്ടമായ സംഭവത്തിൽ കോർപറേഷന്റെ ഓഡിറ്റ്, ധനകാര്യ വിഭാഗങ്ങൾക്കു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

സെക്രട്ടറിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായി. സെക്രട്ടറിയെ മേയർ ഭവനിൽ ഒളിപ്പിച്ചിരുത്തിയത് എന്തിനാണെന്നു വ്യക്തമാക്കണം. ബാങ്കിനെതിരെയുള്ള സമരം കോർപറേഷന്റെ വീഴ്ച മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബാങ്കിൽ നിന്നു സിഎസ്ആർ ഫണ്ട് ശേഖരിച്ചത് ആരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.പഞ്ചാബ് നാഷനൽ ബാങ്കിലെ കോർപറേഷൻ അക്കൗണ്ടുകളിൽ നടന്ന തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിയെ പിടിക്കാൻ ഊർജ്ജിത ശ്രമം നടക്കുകയാണെന്നും ഡി.സി.പി എ. ശ്രീനിവാസ് ് പറഞ്ഞു.

Leave a Reply