മതം മാറുമ്പോൾ ജാതി ഒപ്പം കൊണ്ടുപോകാനാവില്ല -മദ്രാസ് ഹൈക്കോടതി

0

ചെന്നൈ: മതപരിവർത്തനം നടത്തിയയാൾക്ക് മതംമാറ്റത്തിന് മുമ്പുണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മതം മാറുമ്പോൾ ജാതിയും ഒപ്പം കൊണ്ടുപോകാനാവില്ലെന്ന് ജോലിയിൽ സംവരണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.

പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് അതത് സംസ്ഥാനങ്ങളിൽ പ്രത്യേകം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലേ ആനുകൂല്യം അവകാശപ്പെടാനാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.

മതം മാറിയവരുടെ സംവരണവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞു.

ഹിന്ദുമതത്തിലെ അതി പിന്നാക്കവിഭാഗ (മോസ്റ്റ് ബാക്ക് വേഡ് കാസ്റ്റ്) ത്തിൽപ്പെട്ട യുവാവ് 2008-ൽ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും സമുദായസർട്ടിഫിക്കറ്റ് വാങ്ങുകയുംചെയ്തു. തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷയെഴുതിയ യുവാവിന് അന്തിമപട്ടികയിൽ ഇടംപിടിക്കാനായില്ല. തന്നെ പൊതു വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പിന്നാക്ക സംവരണ ആനുകൂല്യം നിഷേധിച്ചതിനെ ചോദ്യംചെയ്താണ് ഇദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.

തമിഴ്നാട്ടിൽ മുസ്ലിം സമുദായത്തെ പിന്നാക്കവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മതംമാറ്റത്തിനുമുമ്പ് താൻ പിന്നാക്ക വിഭാഗക്കാരനായിരുന്നെന്നും അതുകൊണ്ട് സംവരണത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here