ട്വിറ്റർ പാപ്പരാകും; വാങ്ങി ആഴ്ചകൾക്കകം കൂപ്പുകുത്തുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഇലോൺ മസ്കി​ന്റെ മുന്നറിയിപ്പ് ഇങ്ങനെ

0

വാഷിങ്ടൻ: ട്വിറ്റർ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി പുതിയ മേധാവി ഇലോൺ മസ്ക്. 44 ബില്യൻ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾക്കകമാണ് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവെച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

മസ്ക് ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്ററിൽനിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പുറമെ ചീഫ് സെക്യൂരിറ്റി ഓഫിസർ ലിയ കിസ്നർ, മുതിർന്ന എക്‌സിക്യൂട്ടീവുകളായ യോയെൽ റോത്ത്, റോബിൻ വീലർ, ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി തുടങ്ങിയവരുടെ രാജി പ്രതിസന്ധി രൂക്ഷമാക്കി.

ട്വിറ്ററിലേക്ക് പരസ്യദാതാക്കളെ എത്തിക്കുന്നതിലും അവരുടെ വിശ്വാസ്യത കാക്കുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോബിൻ വീലർ. പ്രൈവസി, കംപ്ലയൻസ് ഓഫിസർമാർ രാജിവെച്ചത് ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എസ് ഫെഡറൽ ട്രേഡ് കമീഷൻ അറിയിച്ചു.

വ്യാഴാഴ്ച ട്വിറ്ററിലെ മുഴുവൻ ജീവനക്കാരുമായും മസ്ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയിൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വർഷത്തേക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 27നാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു. താൻ സ്ഥാപനം ഏറ്റെടുത്തതോടെ പരസ്യദാതാക്കൾ പിൻവാങ്ങിയെന്നും ഒരു ദിവസം നാല് മില്യൺ ഡോളറിലധികം നഷ്ടമുണ്ടാകുന്നുണ്ടെന്നുമാണ് അന്ന് നൽകിയ വിശദീകരണം. കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ബ്ലൂ ടിക്ക് ലഭിക്കാൻ ഉപയോക്താക്കൾ മാസം എട്ടു ഡോളർ നൽകണമെന്നും മസ്ക് അറിയിച്ചിരുന്നു.

ഇതോടെ ട്വിറ്ററിൽ വലിയ അനിശ്ചിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ട്വിറ്റർ ടീമംഗങ്ങളുമായി സംസാരിച്ചപ്പോഴും തീരെ ആശാവഹമല്ലാത്ത പ്രസ്താവനകളാണ് നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണമെത്തിയില്ലെങ്കിൽ വരുന്ന മാന്ദ്യകാലത്തെ ട്വിറ്റർ അതിജീവിക്കില്ലെന്നുമാണ് മസ്ക് നൽകിയ സൂചന. കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്റെ തുറന്നുപറച്ചിൽ. ജീവനക്കാർക്കിടയിൽ വലിയ നിരാശയാണ് അവശേഷിക്കുന്ന പഴയ നേതൃത്വത്തിന്റെ രാജി ഉണ്ടാക്കിയിരിക്കുന്നത്.

കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ വർക്ക് ഫ്രം ഹോം ട്വിറ്റർ അവസാനിപ്പിച്ചിരുന്നു. ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാർക്ക് അയച്ച ആദ്യ ഇമെയിലിലാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോൺ മസ്ക് വിശദമാക്കിയത്. ഇന്നലെ രാത്രി അയച്ച ഇമെയിലിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയിൽ.

വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാർ ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിൻറെ നിർദ്ദേശം. 40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താൻ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലിൽ വിശദമാക്കിയ പോളിസി മാറ്റങ്ങൾ എത്രയും വേഗത്തിൽ പ്രാവർത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നൽകുന്നത്.

7500 ജീവനക്കാരെയാണ് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വർക്ക് ഫ്രെം ഹോം രീതി താൽപര്യമുള്ള ജീവനക്കാർക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റർ സ്വീകരിച്ചിരുന്നു. ട്വിറ്റർ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിർദ്ദേശിച്ചിരിക്കുന്നത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ മീഡിയ മലയാളം വെബ്സൈറ്റിൽ വായിക്കൂ

വാട്സാപ്പിൽ വാർത്തകൾ ലഭിക്കാൻ

https://chat.whatsapp.com/EXa9c3O4wzk8i38IJCwotf

LEAVE A REPLY

Please enter your comment!
Please enter your name here