സന്ദീപാനന്ദ ഗിരിക്കൊപ്പം സെല്‍ഫി; കെ. സുരേന്ദ്രനു കുരുക്കാകുന്നു

0തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്കൊപ്പം സെല്‍ഫി എടുത്തത്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു കെണിയായി. സന്ദീപാനന്ദ ഗിരിക്കെതിരേ സംഘപരിവാര്‍ സംഘടനകളെല്ലാം കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള സെല്‍ഫി ശരിയായില്ലെന്നാണ്‌ ആര്‍.എസ്‌.എസ്‌. അടക്കമുള്ളവരുടെ നിലപാട്‌. ഇത്‌ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നീക്കം തുടങ്ങി.
ഇന്നലെ തിരുവനന്തപുരത്ത്‌ വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഹയാത്ത്‌ റീജന്‍സി പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കണ്ടുമുട്ടിയപ്പോഴാണ്‌ ഇരുവരും സെല്‍ഫി എടുത്തത്‌. ഏറെ താമസിയാതെ സന്ദീപാനന്ദ ഗിരി ഇത്‌ സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു.
“സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്‌നേഹം നീക്കീടു, മോര്‍ക്ക നീ” എന്ന തലക്കെട്ടോടെയുള്ള പോസ്‌റ്റ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. കുണ്ടമണ്‍ കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസുമായി ബന്ധപ്പെട്ട്‌ ഇരുവരും സാമൂഹിക മാധ്യമങ്ങളിലും പൊതുവേദികളിലും പരസ്‌പരം പോരടിച്ചിരുന്നു. ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കൊണ്ടുപോകുന്ന പോലീസ്‌ എന്ന അടിക്കുറിപ്പോടെ പരിഹാസ ചിത്രം സുരേന്ദ്രന്‍ ഫെയസ്‌ബുക്ക്‌ പേജില്‍ പങ്കുവച്ചതും അടുത്തിടെയായിരുന്നു.
ഇതിനു മറുപടിയായി “സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്‌ എത്രമാത്രം മലീമസമാണെ”ന്ന്‌ സന്ദീപാനന്ദ ഗിരി തിരിച്ചടിച്ചിരുന്നു.
എന്നാല്‍ ഇന്നലെ നേരിട്ടു കണ്ടുമുട്ടിയപ്പോള്‍ പരസ്‌പരം സൗഹാര്‍ദം പങ്കുവച്ചത്‌ മറ്റുള്ളവര്‍ക്ക്‌ കൗതുകമായെങ്കിലും സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചു. തീവയ്‌പ്പുകേസില്‍ ആര്‍.എസ്‌.എസിനെയും ബി.ജെ.പിയെയുമാണ്‌ ക്രൈംബ്രാഞ്ച്‌ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്‌. ഇതിനിടെയായിരുന്നു കൂടിക്കാഴ്‌ച.
സുരേന്ദ്രനോട്‌ ക്ഷമിച്ചു എന്ന ധ്വനിയാണു ചിത്രത്തിന്‌ നല്‍കിയതെന്നാണ്‌ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്നത്‌. ഇതു നാണക്കേടായെന്നും അവര്‍ പറയുന്നു. ബി.ജെ.പിയിലെ സുരേന്ദ്ര വിരുദ്ധര്‍ക്കും സെല്‍ഫി വീണു കിട്ടിയ ആയുധമായി.

‘സന്ദീപാനന്ദഗിരിയുടേത്‌ ഉദരനിമിത്തം ബഹുകൃതവേഷം’

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടേതു ജഡിലോമുണ്ഡീ ലുഞ്‌ജിതകേശാ… ഉദരനിമിത്തം ബഹുകൃതവേഷമെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
തനിക്കൊപ്പമെടുത്ത സെല്‍ഫി വിവാദമാക്കിയതോടെയാണ്‌ സ്വാമി സന്ദീപാനന്ദഗിരിക്കു സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തിലൂടെ മറുപടി നല്‍കിയത്‌. “ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി ടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട്‌ ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത്‌ അയാളുടെമാത്രം കാര്യമാണ്‌”-സുരന്ദ്രന്‍ പരിഹസിച്ചു.

Leave a Reply