കാമറൂണിനെതിരേ കാമറൂണ്‍ ഗോളടിച്ചു , എംബോളോയ്‌ക്ക് തുടര്‍ച്ചയായ മൂന്നാം ഗോള്‍

0


ദോഹ: ഫുട്‌ബോള്‍ ലോകകപ്പിലെ ജി ഗ്രൂപ്പ്‌ മത്സരത്തില്‍ കാമറൂണിനെതിരേ ഗോളടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ്‌ താരം ബ്രീല്‍ എംബോളോ ആഘോഷിക്കാന്‍ നിന്നില്ല.
ജനിച്ച രാജ്യത്തിനെതിരായ ഗോളായതിനാലാണ്‌ എംബോളോ ആഘോഷിക്കാതെ കൈകളുയര്‍ത്തുക മാത്രം ചെയ്‌തത്‌. 1997 ഫെബ്രുവരി 14 ന്‌ കാമറൂണിന്റെ തലസ്‌ഥാനമായ യോണ്‍ഡെയിലാണ്‌ എംബോളോയുടെ ജനനം. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. എംബോളോ മാതാവ്‌ ഉന്നത പഠനത്തിനായി ഫ്രാന്‍സിലേക്ക്‌ ചേക്കേറി. അവിടെ വെച്ച്‌ മാതാവ്‌ സ്വിറ്റ്‌സര്‍ലന്‍ഡുകാരനുമായി പ്രണയത്തിലായി. അതോടെ അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്‌ ചേക്കേറി. 2014 ഡിസംബറില്‍ സ്വിസ്‌ പൗരത്വം ലഭിച്ചു.
സ്വിസ്‌ ടീം എഫ്‌.സി. ബേസലിലൂടെ പ്രഫഷണല്‍ ഫുട്‌ബോള്‍ തുടങ്ങി. ജര്‍മന്‍ ബുണ്ടസ്‌ ലീഗയിലെ മുന്‍നിരക്ല ബ്‌ ഷാല്‍ക്കെയിലേക്ക്‌ ചേക്കേറി. 2019-ല്‍ ബൊറൂസ്സിയ മോണ്‍ഷെഗ്ലാഡ്‌ബാഷിലുമെത്തി. ഫ്രഞ്ച്‌ ലീഗ്‌ വണ്‍ ക്ലബ്‌ മൊണോക്കോയ്‌ക്ക് വേണ്ടിയാണ്‌ ഇപ്പോള്‍ കളിക്കുന്നത്‌. മോണോക്കോയ്‌ക്ക് വേണ്ടി ഈ സീസണില്‍ 15 മത്സരങ്ങളില്‍നിന്ന്‌ ഏഴ്‌ ഗോളുകളടിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ്‌ അണ്ടര്‍ 16, 20, 21 ടീമുകളില്‍ കളിച്ച എംബോളോ 2015 മുതല്‍ ദേശീയ ടീമിലുണ്ട്‌. 61 മത്സരങ്ങളിലായി 12 ഗോളുകളടിച്ചു.
ദേശീയ ടീമിനായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിക്കുന്ന താരമെന്ന നേട്ടവും എംബോളോ സ്വന്തമാക്കി. പ്രതിരോധത്തിലെ കടുപ്പക്കാരാായ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നാം പകുതിയില്‍ തളച്ച ശേഷമാണു കാമറൂണ്‍ വീണത്‌. മധ്യനിരയില്‍നിന്നു ഗ്രാനിറ്റ്‌ സാക്ക ഒരുക്കിയ മുന്നേറ്റം സെര്‍ദാര്‍ ഷാക്കിറിയിലേക്ക്‌. ഷാക്കിറി ബോക്‌സിനുള്ളില്‍ മാര്‍ക്ക്‌ ചെയ്യപ്പെടാതെനിന്ന എംബോളോയ്‌ക്കു മറിച്ചു നല്‍കി. ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന നിസഹായനായിരിക്കേ എംബോളോ പന്ത്‌ അനായാസം വലയിലേക്കു തട്ടിയിട്ടു. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ ഷോട്ട്‌ പോലും ഉതിര്‍ക്കാന്‍ സ്വിസ്‌ നിരയ്‌ക്കായില്ല. ലോക റാങ്കിങ്ങില്‍ 15-ാം സ്‌ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമാണ്‌ 43-ാം സ്‌ഥാനക്കാരായ കാമറൂണ്‍ പുറത്തെടുത്തത്‌. പന്തടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പംനിന്ന ഒന്നാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഒരു ഷോട്ട്‌ പോലും ഒനാനയെ പരീക്ഷിച്ചില്ല. മികച്ച അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ കാമറൂണിനു തിരിച്ചടിയായി.സെര്‍ദാന്‍ ഷാക്കിറിയെ ചുറ്റിപ്പറ്റിയുള്ള സ്വിസ്‌ നീക്കങ്ങള്‍ ആരാധകരെ ചൂടുപിടിപ്പിച്ചു. പത്താം മിനിറ്റിലാണു കാമറൂണിന്റെ ഗോളിലേക്കുള്ള ആദ്യ നീക്കം വരുന്നത്‌. സ്വന്തം പകുതിയില്‍നിന്ന്‌ ഉയര്‍ന്നുവന്ന പന്തുമായി സ്വിസ്‌ പ്രതിരോധത്തെ വെട്ടിച്ച്‌ ബോക്‌സിനുള്ളിലേക്കു കടന്ന ബ്രയാന്‍ എംബിയുമോയുടെ ഷോട്ട്‌ സ്വിസ്‌ ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി. പന്തടക്കത്തില്‍ പിന്നിലായിരുന്ന കാമറൂണ്‍ വൈകാതെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വലതുവിങ്ങില്‍ എംബിയൂമോയും ഇടതുവിങ്ങില്‍ ടോകോ എകാംബിയും മുന്നേറ്റങ്ങിലൂടെ സ്വിസ്‌ പ്രതിരോധത്തെ പരീക്ഷിച്ചു. ചോപോ മോട്ടിങ്ങിന്റെയും കൂട്ടരുടെയും മുന്നേറ്റങ്ങളെയും കോര്‍ണര്‍ കിക്കുകളെയും സ്വിസ്‌ ഡിഫന്‍ഡര്‍മാര്‍ ഏറെ പണിപ്പെട്ടാണു തടുത്തത്‌

Leave a Reply