തലശേരി ഇരട്ടക്കൊലപാതകം: 7 പേര്‍ അറസ്‌റ്റില്‍

0


കണ്ണൂര്‍: തലശേരിയില്‍ ലഹരി വില്‍പ്പനസംഘം രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നെട്ടൂര്‍ സ്വദേശി പാറായി ബാബു അറസ്‌റ്റില്‍. അടുത്തിടെ ഡി.വൈ.എഫ്‌.ഐയുടെ ആഭിമുഖ്യത്തില്‍ കൊളശ്ശേരിയില്‍ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ പാറായി ബാബു പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ബി.ജെ.പി. പുറത്തുവിട്ടു.
തലശേരി എ.സി.പിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍നിന്നാണു പാറായി ബാബുവിനെ പിടികൂടിയത്‌. ഇയാളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ച അരുണ്‍കുമാര്‍ (അരൂട്ടി), സന്ദീപ്‌, സുജിത്ത്‌ എന്നിവരും പിടിയിലായി. ബാബുവിന്റെ ഭാര്യാസഹോദരന്‍ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.കഴിഞ്ഞദിവസം വൈകിട്ട്‌ നാലോടെ തലശേരി സിറ്റി സെന്ററിനു സമീപം ലഹരി വില്‍പ്പനസംഘത്തിന്റെ ആക്രമണത്തില്‍ നെട്ടൂര്‍ ഇല്ലിക്കുന്ന്‌ സ്വദേശി കെ. ഖാലിദ്‌ (52), സഹോദരീഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ച്‌ അംഗവുമായ ഷമീര്‍ എന്നിവരാണു കൊല്ലപ്പെട്ടത്‌. കുത്തേറ്റ ഖാലിദ്‌ തലശേരി സഹകരണാശുപത്രിയിലും ഷമീര്‍ കോഴിക്കോട്‌ സ്വകാര്യാശുപത്രിയിലുമാണു മരിച്ചത്‌. ലഹരി വില്‍പ്പനസംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബുവും ഉള്‍പ്പെട്ട സംഘമാണു കുത്തിയതെന്നു ഷമീര്‍ പോലീസിനു മൊഴിനല്‍കിയിരുന്നു.
ലഹരിവില്‍പ്പന ചോദ്യംചെയ്‌ത ഷമീറിന്റെ മകന്‍ ഷബീലിനെ നെട്ടൂര്‍ ചിറക്കക്കാവിനടുത്ത്‌ ജാക്‌സണ്‍ മര്‍ദിച്ചതാണു സംഭവങ്ങളുടെ തുടക്കം.
തുടര്‍ന്ന്‌, ഷബീലിനെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞാണ്‌ ഷമീറും ഖാലിദും സുഹൃത്തുക്കളുമെത്തിയത്‌. അനുരഞ്‌ജനത്തിനെന്ന വ്യാജേന ഇവരെ റോഡിലേക്കു വിളിച്ചിറക്കിയ അക്രമികള്‍ ഖാലിദിനെ കഴുത്തില്‍ കുത്തിവീഴ്‌ത്തി. തടയാന്‍ ശ്രമിച്ച ഷമീറിനെയും ഷാനിബിനെയും ആക്രമിച്ചു. ഗുരുതരപരുക്കേറ്റ നിട്ടൂര്‍ സാറാസില്‍ ഷാനിബ്‌ (29) ചികിത്സയിലാണ്‌.

Leave a Reply