ഹർഷ ഭോഗ്ലയോട് ക്ഷുഭിതനായി ഋഷഭ് പന്ത്; തന്നെ സംബന്ധിച്ച് റെക്കോർഡുകൾ വെറും അക്കങ്ങളാണെന്നും പന്ത്

0

ക്രൈസ്റ്റ് ചർച്ച്: പതിവാകുന്ന മോശം ഫോമിന്റെ പേരിൽ തുടർച്ചയായി വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് പന്ത്.ആദ്യ കാലത്ത് സഞ്ജു സാംസണിനോട് മാത്രമായിരുന്നു താരതമ്യമെങ്കിൽ ഇന്നത്തെ മത്സരത്തിൽ സൂര്യകുമാർ യാദവിനെപ്പോലും സ്ഥാനം മാറ്റിക്കളിപ്പിച്ചപ്പോൾ പന്തിനെതിരെ വിമർശനം കൂടുതലായി.വിമർശനവും താരതമ്യവും ഏറിയതോടെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് ഋഷഭ് പന്ത്.അത് നേരിട്ടനുഭവിച്ചത് ഹർഷ ഭോഗ്ലെയും.

ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകൾ വൈറ്റ് ബോൾ കണക്കുകളുമായി താരതമ്യം ചെയ്തതിനാണ് ക്രിക്കറ്റ് വിദഗ്ധൻ ഹർഷ ഭോഗ്ലെയോട് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ചൂടായത്.തനിക്ക് ഇപ്പോൾ 24 വയസേ ആയുള്ളൂ എന്നും 30 വയസാവുമ്പോൾ താങ്കൾക്ക് താരതമ്യം ചെയ്യാമെന്നും പന്ത് ഹർഷയോട് പറഞ്ഞു. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ഹർഷയോട് സംസാരിക്കുകയായിരുന്നു പന്ത്. മത്സരത്തിൽ താരം 10 റൺസെടുത്ത് പുറത്തായി.

മുൻ ഓപ്പണർ വീരേന്ദർ സെവാഗുമായി താരതമ്യം ചെയ്തായിരുന്നു ഹർഷയുടെ ചോദ്യം. ”എന്നെ സംബന്ധിച്ച് റെക്കോർഡുകൾ വെറും അക്കങ്ങളാണ്. എന്റെ വൈറ്റ് ബോൾ റെക്കോർഡുകൾ അത്ര മോശമല്ല. താരതമ്യപ്പെടുത്തലുകൾ എന്റെ ജീവിതത്തിൽ ഇല്ല. എനിക്ക് 24-25 വയസേയുള്ളൂ. നിങ്ങൾക്ക് എന്നെ താരതമ്യം ചെയ്യണമെങ്കിൽ ഞാൻ 30-32 വയസാവുമ്പോൾ ചെയ്‌തോളൂ. അതിനു മുൻപ് താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ല.”- പന്ത് പറയുന്നു.

തുടരെ മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് മോശം ഫോം തുടരുന്ന ഋഷഭ് പന്തിനെ ടീമിൽ പരിഗണിക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയാണ്. ഹർഷ ഭോഗ്ലെ അടക്കമുള്ളവർ ഈ രീതിയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ ടി-20, ഏകദിന സ്‌ക്വാഡുകളിൽ സഞ്ജു ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യ ഏകദിനത്തിൽ മാത്രമേ താരത്തിന് ടീമിൽ ഇടം ലഭിച്ചുള്ളൂ. കളിയിൽ 36 റൺസിന്റെ നിർണായക പ്രകടനവും സഞ്ജു നടത്തിയിരുന്നു.

Leave a Reply