ജയിലിലും സ്റ്റേഷനിലുമല്ല; കാമുകനെ കൊന്ന ​ഗ്രീഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ അറിയേണ്ടേ?

0

തിരുവനന്തപുരം: കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ​ഗ്രീഷ്മ ഇപ്പോഴും ആശുപത്രിയിൽ. ആത്മഹത്യക്കു ശ്രമിച്ചത്തിന് പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ​ഗ്രീഷ്മ. ഇന്നലെയും മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

ഷാരോൺ കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം നേരായ ദിശയിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഷാരോണിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനായി ഷാരോണിന്റെ വീട്ടിലെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

പെൺകുട്ടിയുടെ വീട് തമിഴ്നാട്ടിലായതിനാൽ നിയമപരമായ തടസ്സങ്ങളില്ലാത്ത വിധത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം നൽകി പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുകയെന്നതാണ് ഇപ്പോൾ അന്വേഷണസംഘം ചെയ്യേണ്ടത്. അതിന്റെ നടപടികളുമായി ക്രൈംബ്രാഞ്ച് നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തിൽ ലോക്കൽ പോലീസിനു പിഴവുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സി.കെ.ഹരീന്ദ്രൻ എം.എൽ.എ., സി.പി.എം ഏരിയാ സെക്രട്ടറി പരശുവയ്ക്കൽ അജയൻ, വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here