പിടിയിലായത് മൂന്നാമത്തെ നരബലിക്ക് ഇരയെ തേടുന്നതിനിടയിൽ; നരബലിക്ക് മുന്നേ ഷാഫി വാങ്ങിയത് ആറുലക്ഷം രൂപ

0

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മൂന്നാമത്തെ നരബലിക്കായി തെരച്ചിൽ തുടങ്ങിയിരുന്നതായി ചോദ്യം ചെയ്യലിൽ ഷാഫി സൂചന നൽകിയതായാണ് വിവരം. പത്മയുടെ കൊലപാതകത്തെ തുടർന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കിൽ നരബലിയുടെ പേരിൽ മൂന്നാമതൊരാൾ കൂടി കൊല്ലപ്പെടുമായിരുന്നു.

നരബലിക്ക് മുന്നേതന്നെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയിൽ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടക്കത്തിൽ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്.

സിദ്ധനെക്കൊണ്ട് പൂജ നടത്തിയാൽ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരിൽ ഷാഫി തന്നെയെത്തി പണം തട്ടിയെടുത്തു. ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും പണം വേണമെന്ന് ഷാഫി നിർബന്ധിച്ചതിനെ തുടർന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി.

ലൈലയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നരബലിക്കേസിൽ മൂന്നു പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. കാലടി സ്വദേശി റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അതിനിടെ ജാമ്യം വേണമെന്ന മൂന്നാം പ്രതി ലൈലയുടെ ആവശ്യം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹർജിയിൽ ലൈലയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, കൊലപാതകത്തിൽ ലൈലയ്ക്ക് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. റോസ്ലിന്റെ കഴുത്ത് വെട്ടിയത് ഒന്നാം പ്രതിയും ലൈലയും ചേർന്നാണ്. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here