എം.സി. റോഡിൽ വട്ടയ്ക്കാട്ടുപടി മുതൽ മണ്ണൂർ വരെയുള്ള ഭാഗത്ത് അപകടങ്ങൾക്ക് അറുതിയില്ല

0

എം.സി. റോഡിൽ വട്ടയ്ക്കാട്ടുപടി മുതൽ മണ്ണൂർ വരെയുള്ള ഭാഗത്ത് അപകടങ്ങൾക്ക് അറുതിയില്ല. മികച്ച നിലവാരത്തിലുള്ള റോഡിൽ വേഗ നിയന്ത്രണത്തിന് സംവിധാനമില്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശനിയാഴ്ച രാത്രി പുല്ലുവഴി ജങ്ഷനടുത്തുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.

രാത്രി നടക്കാനിറങ്ങിയ പ്ലൈവുഡ് വ്യവസായി പുല്ലുവഴി ഗ്രേസ് കോട്ടേജിൽ സാമുവൽ (65), കോട്ടയം സ്വദേശി സ്‌കൂട്ടർ യാത്രക്കാരൻ സോബിൻ സിബി (65) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ വന്ന ജീപ്പിടിച്ച് സാമുവൽ റോഡരികിലെ കാനയിലേക്ക്‌ തെറിച്ചുപോയി. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ വലതുഭാഗത്തേക്ക്‌ തിരിഞ്ഞ് എതിർദിശയിൽ വന്ന സ്‌കൂട്ടർ യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ വീടിന്റെ ഗേറ്റ് തകർത്ത് കാർപോർച്ചിൽ ഇടിച്ചാണ് കാർ നിന്നത്. ജീപ്പ് ഓടിച്ചിരുന്ന പുല്ലുവഴി തോടത്തിൽ നിഖിത് ബേസിൽ റെജി അപകടത്തെ തുടർന്ന് സ്ഥലംവിട്ടു. നിഖിതിനായി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

രാത്രി റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂരിഭാഗം വാഹനങ്ങളും രാത്രി ഹെഡ്‌ലൈറ്റുകൾ ഡിം ചെയ്യാറില്ല. മോട്ടോർ വാഹന വകുപ്പ് അനുവദിക്കുന്നതിലപ്പുറം ശേഷിയുള്ള ഹെഡ്‌ലൈറ്റുകൾ തെളിച്ചാണ് വാഹനങ്ങൾ വരുന്നത്. വലിയ വാഹനങ്ങളുടെ അമിത വെളിച്ചത്തിൽ ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും കണ്ണ് തുറക്കാൻ കഴിയാത്ത സ്ഥിതിയിലാകും.

ശനിയാഴ്ച അപകടമുണ്ടായ സ്ഥലത്തിനു സമീപമാണ് മൂന്നുമാസം മുൻപ് ബൈക്ക് യാത്രക്കാരായ രണ്ട് പേർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് മരിച്ചത്. രാത്രി റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് പാർക്കിങ് ലൈറ്റുകൾ ഉണ്ടായിരുന്നില്ല. എം.സി. റോഡിലെ വട്ടയ്ക്കാട്ടുപടി, മലമുറി, പുല്ലുവഴി, കർത്താവിൻപടി ജങ്ഷൻ, ഡബിൾപാലം, കീഴില്ലം കനാൽപാലം, മണ്ണൂർ തുടങ്ങിയ ജങ്ഷനുകളെല്ലാം അപകട മേഖലയാണ്. മലമുറിയിൽ നൂറുകണക്കിന് വാഹനങ്ങൾ വളയൻചിറങ്ങര ഭാഗത്തേക്ക്‌ തിരിയുന്ന ഭാഗത്ത് വെളിച്ചമോ സൂചകങ്ങളോ ഇല്ല. റബ്ബർ പാർക്കിലേക്കുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ എം.സി. റോഡിൽനിന്ന് തിരിയുന്ന ജങ്ഷനാണ് ഇത്.

കർത്താവുംപടി ജങ്ഷനിലും ഡബിൾ കനാൽ, കീഴില്ലം കനാൽകവല, മണ്ണൂർ എന്നിവിടങ്ങളിലെല്ലാം എം.സി. റോഡിൽനിന്ന് തിരിയുന്ന ഉപ റോഡുകൾ പ്രധാനപ്പെട്ടവയാണ്. ഇവിടങ്ങളിലെല്ലാം ഹൈമാസ്റ്റ് വിളക്കുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.

തടിവ്യാപാര മേഖലയായതിനാൽ വട്ടയ്ക്കാട്ടുപടി മുതൽ മലമുറി വരെയുള്ള ഭാഗത്ത് തടിലോറികൾ നിരയായി രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന പതിവുണ്ട്. എത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടും ലോറികളിൽ പാർക്കിങ് ലൈറ്റുകൾ തെളിക്കാനോ മുന്നറിയിപ്പുകൾ നൽകാനോ വാഹന ഡ്രൈവർമാർ തയ്യാറാകുന്നില്ല. സുരക്ഷ ഉറപ്പാക്കാൻ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ഭാഗത്തുനിന്നു കാര്യമായ നടപടിയില്ല.

നാലുകൊല്ലം മുൻപ് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി അധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല

LEAVE A REPLY

Please enter your comment!
Please enter your name here