ഭാര്യ തന്ന ഹോർലിക്സ് കുടിച്ചതിന് പിന്നാലെ തലവേദനയും അസ്വാസ്ഥ്യവും; ആൺസുഹ‍ൃത്തിനൊപ്പം ചേർന്ന് ഭാര്യ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചെന്ന് കെഎസ്ആർടിസി ജീവനക്കാരൻ; പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്നും ആക്ഷേപം

0

തിരുവനന്തപുരം: ഭാര്യ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആർടിസി ജീവനക്കാരൻ. പാറശാല സ്വദേശിയായ സുധീർ ആണ് പരാതി നൽകിയത്. പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും ഇയാൾ ആരോപിച്ചു. ഷാരോൺ വധക്കേസിൽ വിമർശനങ്ങൾക്ക് വിധേയരായ പാറശാല പൊലീസിനെതിരെയാണ് വീണ്ടും പരാതി വന്നിരിക്കുന്നത്.

ആറ് മാസം മുമ്പാണ് പരാതി നൽകിയത്. എന്നാൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നാണ് പരാതിക്കാരനായ പാറശാല സ്വദേശി സുധീർ പറയുന്നത്. വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഭാര്യക്കും അവരുടെ ആൺസുഹൃത്തിനുമെതിരെ പരാതി നൽകിയെങ്കിലും പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയില്ലെന്ന് സുധീർ പറയുന്നു.

ആൺസുഹൃത്തിനൊപ്പം ചേർന്ന് ഹോർളിക്‌സിൽ വിഷം കലർത്തി നൽകി തന്നെ കൊലപ്പെടുത്താൻ ഭാര്യയായിരുന്ന സ്ത്രീ ശ്രമിച്ചുവെന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ സുധീർ പറയുന്നത്. 2018 ജൂലായിൽ ഭാര്യയും ആൺസുഹൃത്തും ചേർന്ന് ഹോർളിക്‌സിൽ വിഷം കലർത്തിയെന്നാണ് പരാതി. ഭാര്യ ശിവകാശി സ്വദേശിയാണ്. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഒരിക്കൽ വീട്ടിൽ നിന്ന് ഹോർളിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിയുകയും ചെയ്തുവെന്ന് സുധീർ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വീട്ടിൽ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്.

വിഷം തമിഴ്‌നാട്ടിൽ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും സുധീർ പറയുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയ ശേഷം ഇവരുടെ വസ്ത്രങ്ങൾ മാറ്റുന്നതിനായി പരിശോധിച്ചപ്പോഴാണ് വിഷം കണ്ടെത്തിയത്. അലുമിനിയം ഫോസ്‌ഫെയ്ഡ് ഉള്ളിൽചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന്‌ മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും സുധീർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here