തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച്‌ നിലയ്‌ക്കല്‍ ബസ്‌ സൗകര്യമില്ല

0


ശബരിമല: തീര്‍ഥാടകരുടെ തിരക്കിന്‌ അനുസൃതമായി നിലയ്‌ക്കല്‍ ബസ്‌സൗകര്യം ലഭിക്കുന്നില്ലെന്നു പരാതി.
വലിയ ആള്‍ക്കൂട്ടമുണ്ടായാലും നാമമാത്രമായ ബസുകള്‍ മാത്രമേ ക്രമീകരിക്കുന്നുള്ളൂ. അതിനാല്‍ യാത്രയ്‌ക്കായി ഏറെനേരം കാത്തുനില്‍ക്കേണ്ട സ്‌ഥിതിയാണ്‌. നാട്ടില്‍നിന്ന്‌ ഒന്നിച്ച്‌ ഒരു ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക്‌ നിലയ്‌ക്കല്‍നിന്ന്‌ ഒരേസമയം കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ പമ്പയ്‌ക്കു പോകാന്‍ കഴിയാത്തതുമൂലം കൂട്ടംതെറ്റുന്ന അവസ്‌ഥയുമുണ്ട്‌.
ഒരു ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ വരുന്നവര്‍ ഒന്നിച്ചാണ്‌ പമ്പയിലും സന്നിധാനത്തും ആചാരപരമായ ചടങ്ങുകള്‍ നടത്താറുള്ളത്‌. എന്നാല്‍, പല ബസുകളില്‍ കയറി പല സമയങ്ങളിലായി ഇവര്‍ പമ്പയിലെത്തുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ഇതുമൂലം ആദ്യബസുകളില്‍ എത്തുന്നവര്‍ക്ക്‌ പമ്പയില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നു. നോണ്‍ എ.സി. ടിക്കറ്റെടുത്ത്‌ എ.സി. ബസില്‍ കയറുകയും ചിലര്‍ എ.സി. ബസില്‍ ടിക്കെറ്റടുക്കാതെ ബഹളംവച്ചതും ഇന്നലെ പുലര്‍ച്ചെ ഭക്‌തരും കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി. അതേസമയം ലാഭം മുന്നില്‍ കണ്ട്‌ വലിയ തിരക്കുള്ളപ്പോള്‍ പോലും സാദാ ബസുകള്‍ മാറ്റിയിട്ട്‌ എ.സി ബസുകള്‍ മാത്രമാണ്‌ കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ സര്‍വീസിനിറക്കുന്നതെന്ന്‌ ഭക്‌തര്‍ ആരോപിച്ചു. കണ്ടക്‌ടറില്ലാത്ത ബസുകളില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നശേഷം ഇടിച്ചുകയറി യാത്രചെയ്യേണ്ട അവസ്‌ഥയുമുണ്ട്‌. ഈ യാത്ര തീര്‍ത്ഥാടകര്‍ക്കു കടുത്ത ദുരിതമാണുണ്ടാക്കുന്നത്‌.
നിലയ്‌ക്കല്‍ സ്‌റ്റാന്‍ഡില്‍ തിരക്കിനനുസൃതമായി ബസുകള്‍ ക്രമീകരിക്കാത്തത്‌ തീര്‍ഥാടകര്‍ക്ക്‌ സമയബന്ധിതമായി ദര്‍ശനം നടത്തി മടങ്ങാന്‍ അസൗകര്യമുണ്ടാക്കുന്നു. പലപ്പോലും കടുത്ത പ്രതിഷേധം തീര്‍ഥാടകര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ബസുകള്‍ ഇടാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഭക്‌തരെ കുത്തിനിറച്ച്‌ അമിതലാഭം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണു ബസുകള്‍ കുറയ്‌ക്കുന്നതെന്ന്‌ ഭക്‌തര്‍ ആരോപിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here