വീട്ടുകാരെ ആക്രമിച്ച ശേഷം പട്ടാപ്പകൽ 17 വയസ്സുകാരിയെ ഒരുകൂട്ടമാളുകൾ തട്ടിക്കൊണ്ടു പോയി

0

വീട്ടുകാരെ ആക്രമിച്ച ശേഷം പട്ടാപ്പകൽ 17 വയസ്സുകാരിയെ ഒരുകൂട്ടമാളുകൾ തട്ടിക്കൊണ്ടു പോയി. ഉത്തർപ്രദേശിലെ ആഗ്രയ്ക്കു സമീപം തജ്ഗഞ്ച് മേഖലയിൽ ഒക്ടോബർ 26നാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘംപെൺകുട്ടിയെ തട്ടിയെടുക്കുന്നതിന്റെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ സംഭവത്തിനു പിന്നിലുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് വ്യാപക പ്രതഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ വീടിന്റെ മതിൽ ഒരു കൂട്ടമാളുകൾ ചാടിക്കടക്കുന്നത് വിഡിയോയിൽനിന്ന് ദൃശ്യമാണ്. ആളുകൾ മതിൽ ചാടിക്കടക്കുമ്പോൾ് മറ്റുള്ളവർ നോക്കിനിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. ആരും ഒരു വാക്ക് കൊണ്ടു പോലും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. പിന്നാലെ കാണുന്ന ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ കുടുംബത്തെ കത്തിയും വടിയും ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാനെത്തിയവർ ആക്രമിക്കുന്നു. അതിനുശേഷം നാട്ടുകാരുടെ മുൻപിലൂടെ പെൺകുട്ടിയെ ഇവർ കൊണ്ടുപോകുകയും ചെയ്തു.

പൊലീസിൽ അറിയിച്ചെങ്കിലും പിറ്റേദിവസമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. 10 പേർക്കെതിരെ കേസ് എടുത്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയോടു സ്ഥിരം അപമര്യാദയായി പെരുമാറുന്ന പ്രദേശവാസിയായ അരുൺ ലാലയ്‌ക്കെതിരെ പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്.

അരുണും കൂട്ടുകാരുമാണ് വീട്ടിലേക്ക് അതിക്രമിച്ചുകയറി കുടുംബത്തെ മർദിച്ച് അവശരാക്കി മകളെ തട്ടിയെടുത്തതെന്നാണ് പിതാവിന്റെ പരാതി. സംഭവത്തിനു സാക്ഷിയായി വലിയൊരു ജനക്കൂട്ടവും പുറത്തുണ്ടായിരുന്നു. ആരും സഹായിക്കാനെത്തിയില്ല. ഭീതിയോടെയാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. വിഡിയോ പുറത്തുവന്നിട്ടും പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ െചയ്തിട്ടില്ല, പിതാവ് കൂട്ടിച്ചേർത്തു.

അതേസമയം, എസ്എസ്‌പി പ്രഭാകർ ചൗധരി ഇടപെട്ടതോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായത്. അരുണും മറ്റ് 9 പേർക്കെതിരെയുമാണ് കേസ്. ഇതിനൊപ്പം തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് 56 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here