രണ്ടു വിരല്‍ പരിശോധന പ്രാകൃതം; ഇരകളെ ട്രോമയിലേക്കു തള്ളിവിടുന്നു’; വിലക്കി സുപ്രീം കോടതി

0

ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ രണ്ടു വിരല്‍ പരിശോധന നടത്തുന്നതു വിലക്കി സുപ്രീം കോടതി ഉത്തരവ്. പുരുഷാധിപത്യ മനോഘടനയില്‍നിന്നാണ് ഇത്തരം പരിശോധനകള്‍ ഉണ്ടാവുന്നതെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അഭിപ്രായപ്പെട്ടു.
ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇന്നും ഇത്തരം പ്രാകൃതമായ പരിശോധനകള്‍ തുടരുന്നു എന്നത് ഖേദകരമാണെന്ന് കോടതി പറഞ്ഞു. രണ്ടു വിരല്‍ പരിശോധന നടത്തരുതെന്ന് നേരത്തെയും കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. യഥാര്‍ഥത്തില്‍ അത് ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ ആളെ വീണ്ടും ഇരയാക്കുകയാണ്, വീണ്ടും ട്രോമയിലേക്കു തള്ളിവിടുകയാണ്.

സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ ധാരണയാണ് ഈ പരിശോധനയ്ക്കു പിന്നില്‍. ബലാത്സംഗ കേസില്‍ സ്ത്രീയുടെ മൊഴിയുടെ സാധുതയ്ക്ക് അവരുടെ ലൈംഗിക ചരിത്രവുമായി ബന്ധമില്ല. സജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ, താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കുന്നത് പുരുഷാധിപത്യ മനോഘടനയാണ്- കോടതി ചൂണ്ടിക്കാട്ടി.

രണ്ടു വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ പെരുമാറ്റ ദൂഷ്യത്തിനു നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കണമെന്ന് കോടതി പറഞ്ഞു.

തെലങ്കാനയില്‍ ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു, സുപ്രീം കോടതി.

LEAVE A REPLY

Please enter your comment!
Please enter your name here