ഒരു രാജ്യം, ഒരു പോലീസ് യൂണിഫോം’; പ്രധാനമന്ത്രി മുന്നോട്ട് വെച്ച പുതിയ നിർദ്ദേശം ഇങ്ങനെ..

0

ന്യൂഡൽഹി: പൊലീസ് യൂണിഫോമിൽ പുതിയ ആശയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൊലീസിന് ഒരേ യൂണിഫോം ഏർപ്പെടുത്തുന്നത് നന്നാകുമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ദേശീയ സുരക്ഷയും അഖണ്ഡതയും പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തി​ന്റെ പ്രതികരണം.

‘പൊലീസിന് ഒരു രാജ്യം, ഒരു യൂനിഫോം എന്നത് നടപ്പാക്കാം. അത് ഇന്ന് നടപ്പാകണമെന്നില്ല. 5 വർഷമോ 50 വർഷമോ അല്ലങ്കിൽ 100 ​​വർഷമോ എടുത്തേക്കാം. പക്ഷേ, നമുക്ക് ഒന്ന് ആലോചിക്കാം’ -മോദി പറഞ്ഞു.

രാജ്യത്തുടനീളമുള്ള പൊലീസിന്റെ ഐഡന്റിറ്റി ഒരുപോലെയായിരിക്കുമെന്നത് നല്ലതാണെന്ന് താൻ കരുതുന്നതായി മോദി പറഞ്ഞു. കുറ്റവാളികളെയും കുറകൃത്യങ്ങളെയും നേരിടാൻ സംസ്ഥാനങ്ങൾ തമ്മിൽ കൂടുതൽ സഹകരണം വേണം. സഹകരണ ഫെഡറലിസം ഭരണഘടനയുടെ വികാരം മാത്രമല്ല, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തം കൂടിയാണ്.

എല്ലാ ക്രമസമാധാന, സുരക്ഷാ വെല്ലുവിളികളെയും നേരിടാൻ രാജ്യത്തെ മുഴുവൻ ഏജൻസികളുടെയും യോജിച്ച പ്രവർത്തനം വേണം. പഴയ നിയമങ്ങൾ അവലോകനം ചെയ്യാനും നിലവിലെ സാഹചര്യത്തിന് അനുസരിച്ച് അവ ഭേദഗതി ചെയ്യാനും പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു.

പൊലീസ് നവീകരണം ചർച്ച ചെയ്യാനാണ് മുഴുവൻ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും യോഗം ‘ചിന്തൻ ശിബിർ’ സംഘടിപ്പിച്ചത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നയരൂപീകരണത്തിന് ദേശീയ കാഴ്ചപ്പാട് നൽകുകയാണ് ലക്ഷ്യം. രാജ്യസുരക്ഷയുടെ പേരിൽ എൻ.ഐ.എയ്ക്ക് കൂടുതൽ അധികാരം നൽകാനാണ് കേന്ദ്ര നീക്കം.

ഇതിൻറെ ഭാഗമായി അടുത്ത വർഷം എല്ലാ സംസ്ഥാനങ്ങളിലും എൻ.ഐ.എ ഓഫീസുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങളിൽ വിപുലമായ അന്വേഷണ സ്വാതന്ത്ര്യം നൽകി ക്രിമിനൽ നടപടി ചട്ടം ഭേദഗതി ചെയ്യാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്തെ പൊലീസ്‌ സംവിധാനത്തെ നവീകരിക്കുന്നതിനൊപ്പം ആഭ്യന്തര സുരക്ഷയ്‌ക്കുള്ള പുതിയ നയരൂപീകരണമാണ്‌ ചിന്തൻ ശിവിരിൻറെ കാതൽ.

പിണറായി വിജയൻ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്നലെ സമ്മേളനത്തിൽ പങ്കെടുത്തു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, മമത ബാനർജി, നവീൻ പട്നായിക്, നിതീഷ് കുമാർ എന്നിവർ വിട്ടുനിന്നു. രണ്ടാം ദിവസമായ ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here