മധ്യവയസ്‌കന്റെ മരണം കൊലപാതകം; പ്രതി പിടിയില്‍

0


മുണ്ടക്കയം: മദ്യം വാങ്ങിയതിന്റെ പണം വീതംവയ്‌ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പാലൂര്‍ക്കാവ്‌ ലക്ഷംവീട്‌ കോളനിയില്‍ കുന്നുംപുറത്ത്‌ കുഞ്ഞുമോന്‍ (58) കൊല്ലപ്പെട്ട കേസില്‍ കറുകച്ചാല്‍ മന്തുരുത്തി വെട്ടിക്കാവുങ്കല്‍ സഞ്‌ജു (ഷിജു-27)വിനെയാണു പെരുവന്താനം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഹിറ്റാച്ചി ഓപ്പറേറ്ററാണു സഞ്‌ജു.
കഴിഞ്ഞ തിരുവോണത്തലേന്നായിരുന്നു സംഭവം. പാലൂര്‍ക്കാവിലെ സ്വകാര്യ വ്യക്‌തിയുടെ വീട്‌ നിര്‍മാണത്തിനായി എത്തിയ കുഞ്ഞുമോനും സഞ്‌ജു സുഹൃത്തും നിര്‍മാണത്തിലിരുന്ന വീടിന്റെ പരിസരത്തു തോട്ടുപുറമ്പോക്കിലിരുന്നു മദ്യപിക്കുന്നതിനിടെയാണു തര്‍ക്കമുണ്ടായത്‌. മഴ മൂലം അന്നു വീടുപണി നടന്നിരുന്നില്ല.
വീടിന്റെ സമീപത്തു കിടന്ന്‌ ഇരുമ്പ്‌ കമ്പികള്‍ അക്രി കടയില്‍ വിറ്റ്‌ അതില്‍നിന്നു ലഭിച്ച പണം കൊണ്ടാണ്‌ ഇവര്‍ മദ്യം വാങ്ങിയത്‌. മദ്യത്തിന്റെ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതോടെ സഞ്‌ജു, കുഞ്ഞുമോനെ ക്രൂരമായി മര്‍ദിക്കുകയും ശക്‌തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക്‌ തള്ളിയിടുകയും ചെയ്‌തെന്നു പോലീസ്‌ പറഞ്ഞു. മരണം ഉറപ്പാക്കിയ സഞ്‌ജു ബൈക്കില്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട്‌ ഇതര സ്‌ഥാനത്തേയ്‌ക്കും കടന്നു.കുഞ്ഞുമോന്റ മൃതദേഹം തോട്ടില്‍ കണ്ടെത്തിയതോടെ പെരുവന്താനം പോലീസ്‌ അസ്വഭാവിക മരണത്തിനു കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു കൊലപാതമാണന്നു തെളിഞ്ഞത്‌. ഒളിവില്‍പോയ സഞ്‌ജു മൊബൈല്‍ ഫോണ്‍ ഓഫാക്കിയശേഷം മറ്റുള്ളവരുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്‌. ട്രെയിന്‍ വഴിയാണു സഞ്‌ജുവിന്റെ യാത്രയെന്നു മനസിലാക്കിയ പോലീസ്‌, നിരീക്ഷണം ശക്‌തമാക്കുകയും ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പിടികൂടികയുമായിരുന്നു.
തെളിവെടുപ്പിനായി സംഭവസ്‌ഥലത്തെത്തിച്ച പ്രതിക്കുനേരേ നാട്ടുകാര്‍ കൈയേറ്റശ്രമവും നടത്തി. പോലീസ്‌ ഏറെ പണിപ്പെട്ടാണു തെളിവെടുപ്പു പൂര്‍ത്തിയാക്കിയത്‌. പീരുമേട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. പെരുവന്താനം എസ്‌.എച്ച്‌.ഒ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here