വിവാഹ മോചനത്തിന് ശേഷവും മുൻഭർത്താവുമായി നല്ല ബന്ധം; തുറന്നു പറഞ്ഞ് മലൈക അറോറ

0

ഗോസിപ്പുകളിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. നടൻ അർജുൻ കപൂറുമായുള്ള പ്രണയവും അർബാസ് ഖാനുമായുള്ള വിവാഹമോചനവുമെല്ലാം ഇത്തരത്തിൽ മലൈകയെ ചർച്ചകളിൽ സജീവമായി നിലനിർത്തിയിരുന്നു. 1998ലായിരുന്നു മലൈകയുടെയും അർബാസ് ഖാൻറെയും വിവാഹം. 2017ൽ ഇരുവരും വിവാഹമോചിതരായി. ഇതിന് ശേഷം 2019ലാണ് മലൈകയും നടൻ അർജുൻ കപൂറും തമ്മിലുള്ള പ്രണയബന്ധം പരസ്യമാകുന്നത്. എന്നാലിതിന് മുമ്പ് തന്നെ ഇരുവരും തമ്മിൽ ബന്ധമുള്ളതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇവർ തമ്മിലുള്ള പ്രായത്തിൻറെ അന്തരവും കാര്യമായി ചർച്ചകളിൽ വന്നിരുന്നു. അർജുൻ കപൂർ ഏറ്റവും നല്ലൊരു പങ്കാളിയാണെന്നാണ് മലൈക അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞത്. തൻറെ വളർച്ചയ്ക്കും ഉത്സാഹത്തിനുമെല്ലാം പിന്നിൽ അർജുൻറെ സ്നേഹവും കരുതലുമാണെന്നും മലൈക പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ തൻറെ വിവാഹമോചനത്തെ കുറിച്ചും മുൻ ഭർത്താവും നടനുമായ അർബാസ് ഖാനെ കുറിച്ചുമെല്ലാം ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മലൈക തുറന്ന് പറഞ്ഞത് വ്യാപകമായ ശ്രദ്ധ നേടുകയാണ്. വിവാഹമോചനം എന്നതിനെ മോശം കാര്യമായി സമീപിക്കുന്നവർക്ക് ഒരു തിരുത്തലെന്ന രീതിയിലാണ് മലൈക തൻറെ അനുഭവം പങ്കുവയ്ക്കുന്നത്.

അർബാസുമായി വേർപിരിഞ്ഞ ശേഷമാണ് അദ്ദേഹവുമായി ഏറ്റവും നല്ല ബന്ധമുണ്ടായിട്ടുള്ളതെന്നാണ് മലൈക പറയുന്നത്. അർബാസ് നല്ലൊരു മനുഷ്യനാണെന്നും എന്നാൽ തങ്ങൾ ഒരുമിച്ചുണ്ടായിരുന്നപ്പോൾ അത് എന്തുകൊണ്ടോ ഭംഗിയുള്ള ബന്ധാമായിരുന്നില്ലെന്നും മലൈക പറയുന്നു. എന്നാൽ അർബാസിന് ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മലൈക പറയുന്നു.

മലൈകയ്ക്കും അർബാസ് ഖാനും ഒരു മകനുണ്ട്. മകൻറെ കാര്യങ്ങൾക്കെല്ലാം ഇരുവരും ഒരുമിച്ചെത്താറുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവർക്കും നല്ലൊരു മാതൃകയാണ് മലൈകയും അർബാസും.

താനെടുത്ത തീരുമാനങ്ങളിലെല്ലാം സന്തോഷമേയുള്ളൂവെന്നും ഒരുപാട് സ്ത്രീകൾ ജീവിതത്തിൽ പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങൾ നേരിടുന്നുണ്ട്, എന്നാൽ സധൈര്യം തീരുമാനങ്ങളെടുക്കാൻ അവർക്ക് സാധിക്കട്ടെയെന്നും എല്ലാവരെയും എപ്പോഴും ഒരുപോലെ സന്തോഷിപ്പിക്കാൻ നമുക്ക് സാധിക്കില്ലെന്ന യാഥാർത്ഥ്യം അവരെല്ലാം മനസിലാക്കട്ടെയെന്നും മലൈക പറയുന്നു.

ഒരു ഫാഷൻ- ഫിറ്റ്നസ് ഫ്രീക്ക് ആയ മലൈക തൻറെ നാൽപത്തിയെട്ടാം വയസിലും കാത്തുസൂക്ഷിക്കുന്ന യൗവ്വനമാണ് ഇപ്പോഴും മലൈകയ്ക്ക് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതിന് പിന്നിലെ മറ്റൊരു രഹസ്യം. സോഷ്യൽ മീഡിയയിൽ മിക്ക ദിവസങ്ങളിലും മലൈകയുടെ വീഡിയോകൾ വൈറലാകാറുണ്ട്. സ്ത്രീകളടക്കം ഫിറ്റ്നസിനോട് ഏറെ താൽപര്യമുള്ളവരാണ് മലൈകയുടെ ആരാധകരിൽ വലിയ വിഭാഗം പേരും. ഇത് മലൈകയുടെ ഇൻസ്റ്റഗ്രാം പേജിലെ കമൻറുകളിലൂടെ തന്നെ വ്യക്തമാകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here