‘എത്രയും വേഗം അവനെ കൊല്ലണം’; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

0

കൊച്ചി: ഹൈക്കോടതി വിധി ആശ്വാസമെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ. ‘കോടതിയില്‍ നിന്നും നീതി ലഭിച്ചു. എന്റെ മകള്‍ അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. ഇനി കേരളത്തില്‍ ഒരാള്‍ക്കും, ഒരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ക്രൂരമായ അനുഭവമുണ്ടാകരുത്. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു’ എന്നും നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു.

‘എന്റെ മകള്‍ തിന്ന വേദന നാളെ ഇനി ഒരു കുഞ്ഞും അനുഭവിക്കരുത്. എന്റെ മകളെ ക്രൂരമായി വേദനിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അത് അവനും അനുഭവിക്കണം. അവനെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നും’ അവര്‍ ആവശ്യപ്പെട്ടു. പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.

നിരപരാധിയാണെന്നും തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും, കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി അമീറുള്‍ ഇസ്‌ലാം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വധശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിയുടെ ആവശ്യവും കോടതി നിരാകരിച്ചു. 2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്.

Leave a Reply