ആർഎസ്പി വരുന്നത് മുന്നണി വിപുലീകരണമല്ലെന്ന് കാനം രാജേന്ദ്രൻ; അവർ ഇടതുപക്ഷത്തിന്റെ ഭാ​ഗമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

0

തിരുവനന്തപുരം: ഇ‌ടത് മുന്നണി വിപുലീകരണം ഇപ്പോൾ അജണ്ടയിലില്ലെന്നും ആർ എസ് പി മുന്നണിയിലേക്ക് വരുന്നത് വിപുലീകരണമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർ എസ് പി നേരത്തേ മുന്നണിയിലുണ്ടായിരുന്ന പാർട്ടിയാണ്. ഇപ്പോഴും ദേശീയ തലത്തിൽ ഇടത് മുന്നണിയുടെ ഭാ​ഗമാണ്. കേരളത്തിലെ ചില പ്രത്യേക സാഹചര്യത്തിൽ മുന്നണി മാറിയതാണെന്നും കാനം ചൂണ്ടിക്കാട്ടി. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കാനത്തിന്റെ പ്രതികരണം.

ഇടതുപക്ഷ ഐക്യം സാധ്യമാകണമെങ്കിൽ ആർ എസ് പി കൂടി ഉണ്ടാകണം. എന്നാൽ, മുസ്ലീം ലീ​ഗ് അങ്ങനെയല്ല. അവർ ഇടത് മുന്നണിയുടെ ഭാ​ഗമായിരുന്നില്ല. ഇടതുപക്ഷ പാർട്ടിയുമല്ലെന്നും കാനം ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ഐക്യത്തിനാണ് പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ അവസാനിച്ച സിപിഐ സംസ്ഥാന സമ്മേളനമാണ് മൂന്നാം തവണയും കാനം രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കെ ഇ. ഇസ്മായിലാണ് സെക്രട്ടറിയായി കാനം രാജേന്ദ്രൻറെ പേര് നിർദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്താങ്ങി. പ്രായപരിധി സംബന്ധിച്ച ദേശീയ കൗൺസിലിൻറെ മാർഗരേഖ കീഴ്ഘടകം മുതൽ ഉപരിഘടകം വരെ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞത് കാനത്തിന് വ്യക്തിപരമായ നേട്ടമായി. പുതുതായി 101 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here