കോണ്‍ഗ്രസ്സിന് ബി ജെ പിയെ നേരിടാനുള്ള ത്രാണിയില്ല; ബി ജെ പിയിലേക്ക് ചേക്കേറാനുള്ള യാത്രയാണ്’; രൂക്ഷ വിമർശനവുമായി എം വി ജയരാജന്‍

0

കണ്ണൂര്‍: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡുകളിൽ വി.ഡി സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ കേരളത്തില്‍ യാത്ര പുരോഗമിക്കുമ്പോഴും സമാനമായ സംഭവം നടന്നിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെയാണ് എം വി ജയരാജന്റെ വിമര്‍ശനം.

ഗാന്ധി ഘാതകനായ സവര്‍ക്കറാണ് തങ്ങളുടെ നേതാവ് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡില്‍ സവര്‍ക്കറുടെ ഫോട്ടോ കണ്ടപ്പോള്‍ ചിലര്‍ കരുതി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് പറ്റിയ അബദ്ധമായിരിക്കുമെന്ന്. എന്നാലിപ്പോള്‍ കര്‍ണ്ണാടകയിലും സവര്‍ക്കറുടെ ഫോട്ടോ സ്ഥാനം പിടിച്ചെന്ന് എം വി ജയരാജന്‍ പറഞ്ഞു. എം വി ജയരാജന്റെ വാക്കുകളിലേക്ക്.

ജോഡോ യാത്രയ്ക്ക് കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വെച്ച പ്രചരണ ബോര്‍ഡിലും സവര്‍ക്കറുടെ ചിത്രം! നേരത്തേ, നെടുമ്പാശ്ശേരിയില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡില്‍ സവര്‍ക്കറുടെ ഫോട്ടോ കണ്ടപ്പോള്‍ ചിലര്‍ കരുതി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് പറ്റിയ അബദ്ധമായിരിക്കുമെന്ന്. എന്നാലിപ്പോള്‍ കര്‍ണ്ണാടകയിലും സവര്‍ക്കറുടെ ഫോട്ടോ സ്ഥാനം പിടിച്ചു. അബദ്ധമല്ല, ഗാന്ധിഘാതകനായ സവര്‍ക്കറാണ് തങ്ങളുടെ നേതാവ് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. രാഹുലിനൊപ്പം സോണിയ കൂടി ജാഥയില്‍ അണിനിരന്നപ്പോള്‍ തന്നെ ഈ ചിത്രം വന്നത് യാദൃച്ഛികമല്ല.

വരാനിരിക്കുന്ന കോണ്‍ഗ്രസ് ബിജെപി ഭായി-ഭായി രാഷ്ട്രീയത്തിന്റെ തുടക്കമാണത്. ഇത്തരം പ്രചരണബോര്‍ഡുകള്‍ എങ്ങിനെ വരുന്നു എന്ന് കോണ്‍ഗ്രസ്സുകാര്‍ വ്യക്തമാക്കണം. 10 മുന്‍ മുഖ്യമന്ത്രിമാരും ഒരു ഡസന്‍ മുന്‍ പി.സി.സി. അദ്ധ്യക്ഷന്മാരും നൂറുകണക്കിന് എം.പി.മാരും എം.എല്‍.എ.മാരും കൂട്ടത്തോടെ ബി ജെ പിയില്‍ ചേക്കേറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കോണ്‍ഗ്രസ് – ആര്‍എസ്എസ് നേതാക്കളുടെ ചിത്രസഹിതമുള്ള പ്രചരണബോര്‍ഡുകള്‍ അബദ്ധമല്ല, ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ്.

കോണ്‍ഗ്രസ്സിന് ബി ജെ പിയെ നേരിടാനുള്ള ത്രാണിയില്ല. ബി ജെ പിക്കെതിരെയല്ല ജോഡോ യാത്ര ബി ജെ പിയിലേക്ക് ചേക്കേറാനുള്ള യാത്രയാണ് ജോഡോ യാത്രയെന്ന് എം വി ജയരാജന്‍ പറഞ്ഞു. നേരത്തെ കേരളത്തിലെ യാത്രയിലും സമാനമായ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘാടകര്‍ക്കെതിരെ കോണ്‍ഗ്രസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Leave a Reply