കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് 110ലും ചീറിപ്പായാം.! പ്രത്യേക ഇളവ് നൽകി സർക്കുലർ; സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ സ്പീഡിൽ പോകണമെന്നും വാദം

0

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് വേ​ഗതയിൽ പ്രത്യേക ഇളവ് നൽകി സർക്കുലർ. സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാമെന്നാണ് സർക്കുലറിൽ പറയുന്നത്.
കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും ഹെവി പാസഞ്ചർ വാഹനങ്ങൾ മണിക്കൂറിൽ 65 കിലോമീറ്ററും, നാലുവരി പാതകളിൽ പരമാവധി 70 കിലോമീറ്റർ വേഗതയിലും മാത്രമേ സഞ്ചരിക്കാവൂ എന്നാണ് മോട്ടോർ വാഹന നിയമം. ഈ നിയമം പ്രാബല്യത്തിൽ ഇരിക്കുമ്പോഴാണ് സ്വിഫ്റ്റിന് മാത്രം പ്രത്യേക ഇളവ് നൽകിയിരിക്കുന്നത്. സ്വിഫ്റ്റിന്റെ പ്രവർത്തനം സംബന്ധിച്ച് ജൂലൈ മാസത്തിൽ പുറത്തിറക്കിയ നിർദ്ദേശത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് സ്‌പെഷ്യൽ ഓഫീസറാണ് സർക്കുലർ ഇറക്കിയത്. ഗതാഗതമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വർധിപ്പിക്കണമെന്നും, ഇടയ്‌ക്കുള്ള വിശ്രമ സമയം വർധിപ്പിക്കാൻ നടപടിയെടുക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്. സ്വിഫ്റ്റ് സർവീസുകളുടെ ഷെഡ്യൂൾ സമയം സ്റ്റേഷനിലും ബസുകളിലും പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ദീർഘദൂര-അന്തർ സംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ നിശ്ചയിച്ചിട്ടുള്ള സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഇത്രയും ഉയർന്ന സ്പീഡിൽ പോകണമെന്നാണ് വാദം. 10 വർഷത്തേക്കുള്ള താത്കാലിക കമ്പനിയായിട്ടാണ് സ്വിഫ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ഇതിലേക്കുള്ള നിയമനങ്ങളും കരാർ അടിസ്ഥാനത്തിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here