അന്യ​ഗ്രഹ ജീവികൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന ഇന്ത്യയിലെ ക്ഷേത്രം; ഒരു ദിവസവും ഉച്ചനിഴൽ നിലത്തു വീഴില്ല; നി​ഗൂഢതകൾ നിറഞ്ഞ അത്ഭുത ദേവാലയം

0

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും മഹത്തായ നിർമിതികളിൽ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ശിവ ക്ഷേത്രം. ഇന്ത്യൻ ശിൽപകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്‌. കൂടുതൽ കാലം അതിജീവിച്ച ചോള ക്ഷേത്രങ്ങളിൽ ഒന്നാണിത്‌. രാജരാജ ചോള ഒന്നാമാനാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌.

കല്ലുകൾക്കിടയിൽ സിമന്റോ പ്ലാസ്റ്ററോ പശയോ ഉപയോഗിക്കാത്ത ഇന്റർലോക്ക് രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയിരം വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ക്ഷേത്രം ആറ് ഭൂകമ്പങ്ങളെയാണത്രേ അതിജീവിച്ചത്.

216 അടി ഉയരമുള്ള ക്ഷേത്രം ഗോപുരം അക്കാലത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതായിരുന്നു. ഈ രീതി ഉപയോഗിച്ച് നിർമ്മിച്ച മറ്റ് ഘടനകളായ ബിഗ് ബെൻ, പിസയിലെ ചായുന്ന ടവർ എന്നിവ കാലക്രമേണ ചെരിഞ്ഞു കൊണ്ടിരിക്കുകയാണ്. 60 കലോമീറ്റർ അകലെ നിന്ന് 3000 ആനകളെ ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രത്തിന് 130,000 ടൺ ഗ്രാനൈറ്റാണ് വേണ്ടി വന്നത്.

ഭൂമി കുഴിക്കാതെയായിരുന്നു ക്ഷേത്ര നിർമ്മാണം. ഗോപുരത്തിന്റെ മുകളിലെ കുംഭം 80 ടൺ ഭാരവും ഏകശിലാരൂപവുമാണ്. ഗോപുരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴൽ ഉച്ച സമയത്ത് നിലത്ത് വീഴില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വർഷത്തിൽ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴൽ നിലത്ത് വീഴില്ല.

ഇത്രയധികം ഭാരമുള്ള ഈ കല്ല് 200 അടി ഉയരമുള്ള ഗോപുരത്തിന് മുകളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ചിലർ ലെവറ്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാമെന്ന് പറയുന്നു, എന്നാൽ കൂടുതൽ വിശ്വസനീയമായ വിശദീകരണം ആനകളെ ഉപയോഗിച്ച് കല്ല് കഷണം ഏകദേശം ആറ് കിലോമീറ്റർ നീളമുള്ള റാമ്പിന് കുറുകെ വലിക്കുന്നതായാണ്.

ദ്രാവിഡിയൻ ശൈലിയിലുള്ള വാസ്‌തു വിദ്യയാണ്‌ ക്ഷേത്ര നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌. ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ വലിയ ശിൽപം ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ്‌. ഏകദേശം 25 ടണ്ണോളം വരും ഇതിന്റെ ഭാരം.

ക്ഷേത്രത്തിന് താഴെ നിരവധി ഭൂഗർഭ പാതകൾ നിലവിലുണ്ടെന്ന് പറയപ്പെടുന്നു, അവയിൽ മിക്കതും നൂറ്റാണ്ടുകൾക്ക് മുമ്പ് അടച്ചിരുന്നു. ഈ ഭൂഗർഭ പാതകൾ ചോളരുടെ സുരക്ഷാ കെണികളും പുറത്തേക്കുള്ള പോയിന്റുകളുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇത്രയും ബൃഹത്തായ സൃഷ്‌ടി മനുഷ്യന് നിർമ്മിക്കാൻ കഴിയില്ലെന്നും അദൃശ്യ ശക്തികളുടെയോ അന്യഗ്രഹജീവികളുടെയോ നിർമ്മാണചാതുരിയാണ് ബൃഹദീശ്വര ക്ഷേത്രം എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

അതേസമയം, ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴൻ എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. തിരുവുടയാർ കോവിൽ, പെരിയ കോവിൽ, രാജരാജേശ്വരം കോവിലെന്നും ഇത് അറിയപ്പെടുന്നു.

നിറയെ ശില്പങ്ങൾ കൊത്തിയ രണ്ട് ഗോപുരങ്ങൾ പിന്നിട്ടുവേണം ക്ഷേത്ര വളപ്പിലേക്ക് കടക്കാൻ. ദേവീദേവന്മാരും രാജാക്കന്മാരും സാധാരണ മനുഷ്യരും രതിശില്പങ്ങളും ഇതിലുണ്ട്. അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന്റെ പേര് കേരളാന്തകൻ തിരുവയൽ എന്നാണ്.

കേരളത്തിലെ രാജാവായിരുന്ന ഭാസ്കര രവിവർമയെ കീഴടക്കിയതിന്റെ ഓർമയ്ക്കായി ക്ഷേത്ര നിർമാണം കഴിഞ്ഞ് എട്ടുവർഷത്തിനുശേഷം നിർമിച്ചതാണ് ഈ ഗോപുരം. 15 അടി വീതിയുള്ള ഇതിന്റെ താഴെ കരിങ്കല്ലുകളും മേൽഭാഗം ചുടുകട്ടയുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുകളിൽ കുമ്മായക്കൂട്ടു കൊണ്ട് ശിവൻ, ഉമാമഹേശ്വരി, ബ്രഹ്മാവ്, വിഷ്ണു, ഗണപതി, കാളി തുടങ്ങിയവരുടെ ശില്പങ്ങൾ കാണാം.

ഗോപുരകവാടങ്ങൾ പിന്നിട്ട് മുന്നോട്ടു നടന്ന് എത്തുക കൂറ്റൻ നന്ദിപ്രതിമ സ്ഥാപിച്ച മണ്ഡപത്തിലേക്കാണ്. ഏകദേശം 25 ടൺ ഭാരമുളള ഒറ്റക്കൽ പ്രതിമ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ശ്രീകോവിലിന് അരികിലെ ചുമരുകളിൽ ചോളരാജകാല ചുവർചിത്രങ്ങൾ കാണാം. ക്ഷേത്രവളപ്പിന് ചുറ്റുമായി ദീർഘമായ ഇടനാഴികളുള്ള കെട്ടിടമുണ്ട്. അതിൽ 108 ശിവലിംഗങ്ങൾ നിരയായി കാണാം. ഇതിന് നിരവധി കൊത്തുപണികൾ ഉളള തൂണുകളുണ്ട്.

ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാനക്ഷേത്രത്തിന് വടക്ക് ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയാണ്. പെരിയനായകി അമ്മാൾ ക്ഷേത്രവും അടുത്തുണ്ട്. ഗണപതി, മുരുകൻ, സൂര്യൻ, ചന്ദ്രൻ, അഷ്ടദിക്പാലകർ, അഗ്നി, ഇന്ദ്രൻ, വായു, യമൻ, കുബേരൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഏപ്രിൽ മേയ് മാസങ്ങളിലായി 18 ദിവസം നീണ്ടുനിൽക്കുന്ന ചിത്തിരൈ ബ്രഹ്മോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം.

ശിവരാത്രി, നവരാത്രി, പഞ്ചമി, പ്രദോഷം, അഷ്ടമി, പൗർണമിയും എല്ലാം ഇവിടെ വിശേഷ ദിവസങ്ങളാണ്. ബൃഹദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് തന്നെ പുണ്യമാണെന്ന് പറയപ്പെടുന്നു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ മുതൽ 8.30 വരെ യും ആണ് ദർശന സമയം. യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളിൽ ഉൾപ്പെടുന്നതാണ് തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലും ഉൾപ്പെട്ട ഈ ക്ഷേത്രം ചോളകാല തമിഴ് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here