തെലങ്കാനയിൽ ഓപ്പറേഷൻ താമരക്കായി 100 കോടി; ബി.ജെ.പി ബന്ധമുള്ള നാലുപേർ അറസ്റ്റിൽ

0

ഹൈദരാബാദ്: തെലങ്കാനയിലും ഓപ്പറേഷൻ താമരയെന്ന ആരോപണം ഉയരുന്നു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു എന്നാണ് ആരോപണം. ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുന്നെന്ന് ടി.ആർ.എസ് എം.എൽ.എമാർ വെളിപ്പെടുത്തിയതോടെയാണ് വിവാദം കനത്തത്. എം.എൽ.എമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി ബന്ധമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൊയ്നാബാദിലെ അസീസ് നഗറിൽ തന്തൂർ എം.എൽ.എ രോഹിത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് പരിശോധനയിൽ അറസ്റ്റിലായവരിൽ നിന്ന് വൻ തുക കണ്ടെത്തിയിട്ടുണ്ട്. ടി.ആർ.എസിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറാൻ 100 കോടിയോളം വാഗ്ദാനം ചെയ്തെന്ന് എം.എൽ.എമാർ പൊലീസിനെ അറിയിച്ചു.

കസ്റ്റഡിയിലെടുത്തവർ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഹൈദരാബാദിൽ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബരാബാദ് കമീഷണർ വ്യക്തമാക്കി. നാല് എം.എൽ.എമാരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയതായാണ് വിവരം.

ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള ദർശകൻ ഡി. സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here