അധ്യാപികയില്‍നിന്ന്‌ ഓണ്‍ലൈന്‍ വഴി 14.72 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0

അധ്യാപികയില്‍നിന്ന്‌ ഓണ്‍ലൈന്‍ വഴി 14.72 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഡല്‍ഹി സംഘംപാര്‍ക്ക്‌ ആര്‍.പി. ബാഗ്‌ സ്വദേശി പ്രവീണ്‍ (24), ബീഹാര്‍ ഗയ വസിര്‍ഗഞ്ച്‌ പത്രോറ കോളനി സ്വദേശി സിന്റു ശര്‍മ (31), ഡല്‍ഹി സരസ്വതി വിഹാര്‍ ഷക്കുര്‍പുര്‍ കോളനിയില്‍ അഭിഷേക്‌ എസ്‌. പിള്ള (24), ഡല്‍ഹി ജഹാംഗീര്‍പുരി സ്വദേശി അമന്‍ (19) എന്നിവരെയാണ്‌ കൊല്ലം റൂറല്‍ സൈബര്‍ ൈക്രം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഓണ്‍ലൈന്‍ ഷോപ്പിങ്‌ കമ്പനിയുടെ ആനുവല്‍ സെലിബ്രേഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ 14 ലക്ഷം രൂപ വിലയുള്ള കാര്‍ സമ്മാനം ലഭിച്ചതായി വാട്‌സ്‌ആപ്പ്‌ മെസഞ്ചറിലൂടെയും മൊബൈല്‍ ഫോണിലൂടെയും വ്യാജലിങ്കുകളിലൂടെയും തെറ്റിദ്ധരിപ്പിച്ച്‌ നെടുമണ്‍കാവ്‌ സ്വദേശിനിയായ അധ്യാപികയുടെ പക്കല്‍നിന്ന്‌ 14,72,400 രൂപ തട്ടിയെടുത്ത കേസിലാണ്‌ ഇവര്‍ പിടിയിലായത്‌. മീഷോ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ്‌ കമ്പനിയില്‍നിന്ന്‌ മഹീന്ദ്ര എക്‌സ്‌.യു.വി 700 കാര്‍ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന്‌ വിവിധ ഫോണ്‍നമ്പറുകളിലൂടെ അധ്യാപികയ്‌ക്ക്‌ വാട്‌സ്‌ആപ്പ്‌ മെസേജ്‌ ലഭിച്ചു. ഇതു വിശ്വസിച്ച അധ്യാപിക തനിക്കു കാര്‍ വേണ്ടെന്നും തത്തുല്യമായ പണം മതിയെന്നും അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പണം ലഭിക്കുന്നതിന്‌ ടി.ഡി.എസ്‌, ഇന്‍കം ടാക്‌സ്‌, മണി സെക്യൂരിറ്റി ഫണ്ട്‌ മുതലായ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈനായി പ്രതികള്‍ പണം ആവശ്യപ്പെടുകയായിരുന്നു.
2022 മേയ്‌ 19 മുതല്‍ 2022 ജൂലൈ 26 വരെ 41 തവണകളായി നെടുമണ്‍കാവ്‌ ഫെഡറല്‍ ബാങ്കിലെ തന്റെ അക്കൗണ്ടില്‍നിന്ന്‌ അധ്യാപിക ആറ്‌ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ മൊത്തം 14,72,400 രൂപ അയച്ചുകൊടുത്തു. മലയാളത്തിലാണ്‌ പ്രതികള്‍ ആശയവിനിമയം നടത്തിയിരുന്നത്‌. തട്ടിപ്പിന്‌ ഇരയായെന്നു മനസിലായപ്പോള്‍ രണ്ടു മാസം മുമ്പ്‌ അധ്യാപിക കൊല്ലം റൂറല്‍ ജില്ലാ പോലീസ്‌ മേധാവി കെ.ബി. രവിക്കു പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളുടെ ലൊക്കേഷന്‍ ഡല്‍ഹി പിതംപുരയാണെന്നും പണം അയച്ചുകൊടുത്ത ബാങ്ക്‌ അക്കൗണ്ടുകള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, ഹരിയാന എന്നിവിടങ്ങളിലാണെന്നും കണ്ടെത്തി. ഇതിനിടെ, വയനാട്‌ സൈബര്‍ ൈക്രം പോലീസ്‌ സ്‌റ്റേഷനിലുള്ള സമാനമായ കേസില്‍ പ്രതികള്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ടതായി വിവരം ലഭിച്ചു. ഡല്‍ഹി പിതംപുരയിലെ വ്യാജ കോള്‍സെന്ററില്‍നിന്നാണ്‌ ഇവര്‍ അറസ്‌റ്റിലായത്‌. രണ്ടിടത്തും കുറ്റകൃത്യം ചെയ്യാനുപയോഗിച്ച സിം കാര്‍ഡുകളും മൊബൈല്‍ ഡിവൈസുകളും ഒന്നുതന്നെയാണെന്നു തെളിഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ കൊല്ലം റൂറല്‍ പോലീസ്‌ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി. പ്രതികളില്‍ രണ്ടുപേര്‍ ഡല്‍ഹിയില്‍ സ്‌ഥിരതാമസമാക്കിയ മലയാളികളാണ്‌. കൂടാതെ ബീഹാര്‍, തമിഴ്‌നാട്‌ സ്വദേശികളും പ്രതികളില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ നിരവധി മലയാളികള്‍ ഇരയായതായി സംശയിക്കുന്നു. കേസിന്റെ തുടരന്വേഷണം കൊല്ലം റൂറല്‍ സൈബര്‍ ൈക്രം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഏലിയാസ്‌ പി. ജോര്‍ജ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍ എ.എസ്‌. സരിന്‍, ടി. പ്രസന്നകുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ജി.കെ. സജിത്ത്‌, രജിത്‌ ബാലകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Leave a Reply