പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0

തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യക്കെതിരേ ശക്‌തമായ തെളിവുകളുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ വ്യക്‌തമാക്കിയ സാഹചര്യത്തില്‍ സംഘടനയെ നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ) സെക്‌ഷന്‍ 35 പ്രകാരം നിരോധിക്കപ്പെട്ട 42 സംഘടനകളുടെ പട്ടികയില്‍ പി.എഫ്‌.ഐയെയും ഉള്‍പ്പെടുത്താനാണു ശ്രമം.
ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അതിനു തയാറെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന സംഘടനകളെ ഭീകരസംഘടനയായി പ്രഖ്യാപിക്കാമെന്നാണ്‌ 1967-ലെ നിയമം അനുശാസിക്കുന്നത്‌. നിരോധനം കോടതിയില്‍ ചോദ്യംചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍കണ്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്‌. നിയമ വിദഗ്‌ധരുമായി ചര്‍ച്ച തുടരുകയാണ്‌. 2008 ല്‍ സിമിയുടെ നിരോധനം പിന്‍വലിക്കേണ്ടിവന്നസാഹചര്യം മന്ത്രാലയം പരിശോധിച്ചിട്ടുണ്ട്‌. പിന്നീട്‌ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ്‌ സിമിയെ വീണ്ടും നിരോധിച്ചത്‌.
ഈ മാസം 22-ന്‌ കേരളം ഉള്‍പ്പെടെ 15 സംസ്‌ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡുകള്‍ക്കു പിന്നാലെയാണു കേന്ദ്രനീക്കം. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌.ഐ. പങ്കാളിത്തത്തിന്റെ തെളിവുകള്‍ ലഭിച്ചെന്നാണ്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്‌.
ചെയര്‍മാന്‍ ഒ.എം.എ. സലാം അടക്കം 106-ലധികം നേതാക്കളെയാണ്‌ എന്‍.ഐ.എ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തത്‌. ഇതിലൂടെ കിട്ടിയ തെളിവുകളുടെയും രഹസ്യാന്വേഷണത്തിന്റെയും അടിസ്‌ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും രഹസ്യാന്വേഷണ ഏജന്‍സികളും നിരോധനത്തിന്‌ ഉടന്‍ ശിപാര്‍ശ ചെയ്യുമെന്നാണു റിപ്പോര്‍ട്ട്‌. അല്‍ ക്വയ്‌ദ, പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ്‌, ലഷ്‌കര്‍-ഇ- തോയ്‌ബ എന്നിവയുള്‍പ്പെടെയുള്ള ആഗോള തീവ്രവാദി സംഘടനകളുടെ ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ടറാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ എന്നാണ്‌ എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നത്‌.
റെയ്‌ഡിനു പിന്നാലെ കേന്ദ്രമന്ത്രി അമിത്‌ ഷാ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലുമായും എന്‍.ഐ.എ. മേധാവിയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതില്‍ പി.എഫ്‌.ഐക്കെതിരേ ശേഖരിച്ച വസ്‌തുതകള്‍ പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അന്വേഷണത്തില്‍ പിഎഫ്‌.ഐയുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ സംശയാസ്‌പദമായ ഇടപാടുകള്‍ കണ്ടെത്തിയതായിഇ.ഡിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹവാല വഴി പണം വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിനായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയിലേക്കു പണം അയച്ചെന്നും ഇ.ഡി. പറയുന്നു.
പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കു വിധേയമാക്കുന്നതിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ എന്‍.ഐ.എ.

Leave a Reply