യുവഡോക്‌ടറുടെ മരണത്തെക്കുറിച്ചുള്ള ബംഗളുരു പോലീസിന്റെ അന്വേഷണം എത്തിനിന്നത്‌ പ്രതിശ്രുത വധുവിന്റെ പ്രതികാരക്കൊലയില്‍

0

യുവഡോക്‌ടറുടെ മരണത്തെക്കുറിച്ചുള്ള ബംഗളുരു പോലീസിന്റെ അന്വേഷണം എത്തിനിന്നത്‌ പ്രതിശ്രുത വധുവിന്റെ പ്രതികാരക്കൊലയില്‍. ഇരുപത്തേഴുകാരനായ ഡോ. വികാസ്‌ രാജനെ പ്രതിശ്രുതവധുവും സുഹൃത്തും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതാണ്‌ മരണത്തിനു വഴിമാറിയതെന്ന്‌ പോലീസ്‌.
ഡോ. വികാസ്‌ രാജന്‍ യുക്രൈനില്‍നിന്ന്‌ എം.ബി.ബി.എസ്‌ എടുത്തയാളാണ്‌. ചെന്നൈയിലെ ആശുപത്രിയില്‍ പ്രാക്‌ടീസ്‌ ചെയ്‌ത ശേഷം പുതിയ ജോലിയുമായി ബംഗളുരുവിലേക്ക്‌ മാറി. ഒരു സ്വകാര്യ ആശുപത്രിയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിനൊപ്പം, വിദേശത്ത്‌ മെഡിസിന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയും ചെയ്‌തു.
ഇതിനിടെയാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ സാമൂഹിക മാധ്യമത്തിലൂടെ പ്രതിഭ എന്ന ആര്‍ക്കിടെക്‌ടിനെ പരിചയപ്പെടുന്നത്‌. ഇരുവരും ഒന്നിച്ചു താമസമായി. പിന്നീട്‌ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഇരു വീട്ടുകാരും വിവാഹത്തിനു സമ്മതവും അറിയിച്ചു. ഒരാഴ്‌ച മുമ്പാണ്‌ രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അബോധാവസ്‌ഥയിലായിരുന്നു ഡോക്‌ടര്‍. മൂന്ന്‌ ദിവസത്തിനു ശേഷം മരിച്ചു. ശരീരത്തില്‍ സാരമായ മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ പോലീസ്‌ അസ്വാഭാവിക മരണത്തിനാണ്‌ കേസെടുത്തത്‌. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ പ്രതിഭ പ്രതിയായത്‌. അടുത്തിടെ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രതിഭ ഇന്‍സ്‌റ്റഗ്രാമില്‍ കണ്ടെത്തിയതാണ്‌ സംഭവങ്ങള്‍ക്കു തുടക്കം. അവള്‍ ഡോക്‌ടറോട്‌ തട്ടിക്കയറി. വ്യാജ ഐ.ഡി സൃഷ്‌ടിച്ച്‌ വെറുമൊരു തമാശയ്‌ക്ക്‌ ചിത്രങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌തതാണെന്നായിരുന്നു മറുപടി. ഇതോടെ പ്രതിഭ പ്രകോപിതയായി. ഡോക്‌ടറെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു.
അന്നുതന്നെ സെപ്‌റ്റംബര്‍ 10-ന്‌ അവള്‍ സുഹൃത്തുക്കളുടെ കൂടെ ഒത്തുചേരല്‍ പ്ലാന്‍ ചെയ്‌തു. ഡോ. രാജനെയും ഒപ്പം കൂട്ടി. കുറച്ച്‌ മദ്യപിച്ചപ്പോള്‍ വഴക്കായി. പ്രതിഭയും സുഹൃത്തുക്കളും ഫ്‌ളോര്‍ മോപ്പ്‌ ഉപയോഗിച്ച്‌ ഡോക്‌ടറെ തല്ലച്ചതച്ചു. നില വഷളായതും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിഭയെയും സുഹൃത്തുക്കളായ ഗൗതം, സുശീല്‍, സുനില്‍ എന്നിവരെയും കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here