സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട്‌ എച്ച്‌.ആര്‍.ഡി.എസ്‌. നല്‍കിയ കത്തിന്മേല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു (ഇ.ഡി.) നിയമോപദേശം

0

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട്‌ എച്ച്‌.ആര്‍.ഡി.എസ്‌. നല്‍കിയ കത്തിന്മേല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു (ഇ.ഡി.) നിയമോപദേശം. പരാതി ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ സ്വീകരിച്ചു രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (പി.എം.എല്‍.എ.) അന്വേഷിക്കാന്‍ തടസമുണ്ടെന്നാണ്‌ ഇ.ഡിയുടെ നിയമവിഭാഗത്തിന്റെ നിലപാട്‌. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റും കുറ്റം ചെയ്‌തതായി കസ്‌റ്റംസും എന്‍.ഐ.എയും കണ്ടെത്താത്തിടത്തോളം ഇ.ഡി. അന്വേഷണത്തിനു ഭാവിയില്ലെന്നാണു നിയമോപദേശം ലഭിച്ചിരിക്കുന്നത്‌.
സ്വപ്‌ന സുരേഷ്‌ തന്റെ അഭിഭാഷകനോടു പറഞ്ഞ കാര്യങ്ങളാണു എച്ച്‌.ആര്‍.ഡി.എസിന്റെ പരാതിയില്‍ പറയുന്നതെന്നാണു ഇ.ഡിയുടെ നിഗമനം. എച്ച്‌.ആര്‍.ഡി.എസ്‌. പരാതി നല്‍കിയതിനെപ്പറ്റി തനിക്കറിയില്ലെന്നാണു സ്വപ്‌ന സുരേഷ്‌ ഇ.ഡിയെ അറിയിച്ചിരിക്കുന്നത്‌. തന്റെ അറിവോടെയല്ല ഇതു ചെയ്‌തത്‌, അവരുടെ താല്‍പര്യം എന്തെന്നറിയില്ലെന്നും സ്വപ്‌ന പറയുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നതു തീരുമാനിക്കാന്‍ വിശദമായ കൂടിയാലോചന വേണമെന്നാണു ഇ.ഡിയുടെ വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ ഭാര്യയും മകളും യു.എ.ഇ. ഭരണാധികാരിയുടെ ഭാര്യയ്‌ക്കു പാരിതോഷികം നല്‍കിയെന്നു സ്വപ്‌ന പറഞ്ഞിട്ടില്ല. പാരിതോഷികം നല്‍കുന്ന കാര്യം തന്നോടു പറഞ്ഞപ്പോള്‍ അത്‌ അനൗചിത്യമാണെന്നു പറഞ്ഞു താന്‍ വിലക്കിയെന്നാണു സ്വപ്‌ന ഇ.ഡിക്കു നല്‍കിയ മൊഴി. ഈ സാഹചര്യത്തില്‍ യു.എ.ഇ. ഭരണാധികാരിയെ സ്വാധീനിക്കാന്‍ സമ്മാനം നല്‍കിയെന്ന ആരോപണം ശരിയല്ല.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന വിവിധ സമയങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചാണു എച്ച്‌.ആര്‍.ഡി.എസ്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു കത്തയച്ചത്‌. യു.എ.ഇ. കൗണ്‍സില്‍ വഴി സ്വപ്‌ന സുരേഷിനെ ഉപയോഗിച്ചു ഡോളര്‍ കടത്തി, ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്‌ഹൗസില്‍ നിയമവിരുദ്ധമായി കൂടിക്കാഴ്‌ച നടത്തി തുടങ്ങിയ ആരോപണങ്ങള്‍ കത്തില്‍ ഉന്നയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here