വിദേശരാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിയെ കബളിപ്പിച്ച്‌ 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍

0

വിദേശരാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിയെ കബളിപ്പിച്ച്‌ 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ വെള്ളാട്‌ കുട്ടിക്കുന്നുമ്മേല്‍ വീട്ടില്‍ നിന്നും തളിപ്പറമ്പ്‌ പയ്യന്നൂര്‍ നരിക്കാമള്ളില്‍ ഷൈജുവിന്റെ നികുഞ്‌ജം വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന നിമല്‍ ലക്ഷ്‌മണ(25)നാ ണ്‌ പിടിയിലായത്‌. ഏപ്രില്‍ 11 മുതല്‍ മേയ്‌ 28 വരെയുള്ള കാലയളവിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. മാള്‍ട്ട, ബല്‍ഗേറിയ, ഖത്തര്‍, കമ്പോഡിയ എന്നിവിടങ്ങളിലേക്ക്‌ ജോലി ഒഴിവുകള്‍ ഉണ്ടെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കല്‍ വീട്ടില്‍ ഹരീഷ്‌ കൃഷ്‌ണന്റെ പരാതിയിലാണ്‌ അറസ്‌റ്റ്. ഹരീഷിന്റെയും മറ്റും ഉടമസ്‌ഥതയില്‍ വെണ്ണിക്കുളത്ത്‌ പ്രവര്‍ത്തിക്കുന്ന ഡ്രീം ഫ്യൂച്ചര്‍ കണ്‍സള്‍ട്ടന്‍സ്‌ എന്ന സ്‌ഥാപനത്തെയാണ്‌ പ്രതി ചതിച്ച്‌ പണം തട്ടിയത്‌. മാള്‍ട്ടയിലേക്ക്‌ 25000 രൂപ വീതം നാല്‌ ലക്ഷം രൂപയും ബള്‍ഗേറിയയിലേക്ക്‌ അഞ്ചു ലക്ഷം രൂപയും ഖത്തറിലേക്ക്‌ 25000 രൂപയും കമ്പോഡിയയിലേക്ക്‌ 810000 രൂപയും ഉള്‍പ്പെടെ ജോലിക്കുള്ള വിസയുടെ തുകയായി ആകെ 1735000 രൂപയാണ്‌ നെറ്റ്‌ ബാങ്കിങ്‌ വഴി പ്രതി തട്ടിയത്‌.
വിസ ലഭ്യമാക്കുകയോ തുക തിരികെ നല്‍കുകയോ ചെയ്‌തില്ല. ഈ രാജ്യങ്ങളില്‍ ജോലി ഒഴിവുണ്ടെന്ന്‌ വിശ്വസിപ്പിച്ചാണ്‌ പ്രതി തട്ടിപ്പ്‌ നടത്തിയത്‌. ഹരീഷിന്റെ മൊഴി
പ്രകാരം കഴിഞ്ഞമാസം 17 ന്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ വാടക വീട്ടില്‍ നിന്നാണ്‌ പ്രതി പിടിയിലായത്‌. സ്‌ഥാപനത്തിന്റെ അക്കൗണ്ട്‌ ഉള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ നിന്നും പ്രതി നല്‍കിയ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ പണം പലതവണകളായി അയക്കുകയായിരുന്നെന്ന്‌ രേഖകള്‍ പരിശോധിച്ചതില്‍ വെളിവായി. ഇയാള്‍ സമാനരീതിയില്‍ വേറെയും തട്ടിപ്പ്‌ നടത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ നിര്‍ദേശിച്ചു. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ സജീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്‌.ഐമാരായ സുരേഷ്‌ കുമാര്‍, മധു, എസ്‌.സി.പി.ഓ സുധീന്‍ ലാല്‍ എന്നിവരാണ്‌ ഉള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here