യുക്രെയ്ൻ ആണവ നിലയത്തിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം

0

യുക്രെയ്ൻ ആണവ നിലയത്തിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം. മിഖോലവ് മേഖലയിലുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് യുക്രെയ്ൻ ന്യൂക്ലിയർ പവർ പ്ലാന്റിന് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആണവ റിയാക്ടറുകൾക്ക് നാശമില്ലെങ്കിലും അനുബന്ധ ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു. ആണവ ഭീകരപ്രവർത്തനം ആണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ ആരോപിച്ചു.

ന്യൂക്ലിയർ പവർ പ്ലാന്റിന്റെ 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്‌ഫോടനത്തിന്റെയും തുടർന്ന് രണ്ട് തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. റിയാക്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ വൻ ആപത്താണ് ഒഴിഞ്ഞു പോയത്. അതേസമയം കരയുദ്ധത്തിൽ തിരിച്ചടിയേറ്റതിനു പിന്നാലെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് റഷ്യൻ വ്‌ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. ഇതിന്റെ പരിണിതഫലമാണ് ആണവ റിയാക്ടറിനു നേരെ ഉണ്ടായ ആക്രമണം. ജനവാസ കേന്ദ്രങ്ങളിലെ ഷെല്ലാക്രമണവും റഷ്യ ശക്തമാക്കിയിരിക്കുകയാണ്.

ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. വടക്കൻ ഹർകിവിലെ ഒരു ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തിൽ നാലു ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടു. യുദ്ധത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സെലെൻസ്‌കി പറഞ്ഞു. കിഴക്കൻ ഡോൺബാസ് മേഖലയിൽ ഓസ്‌കി നദി കടന്ന യുക്രെയ്ൻ സേന റഷ്യയെ തുരത്തുന്നതിന്റെ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ യുദ്ധം ജയിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യയെ തുരത്തുന്നതിന് എത്രകാലമെടുത്താലും അമേരിക്ക കൂടെ നിൽക്കുമെന്നും പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം യുഎസ് പ്രസിഡന്റ് നടത്തിയ ഏറ്റവും ശക്തമായ പ്രസ്താവനയാണിതെന്നാണ് വിലയിരുത്തൽ.

അതേസമയം, യുദ്ധക്കുറ്റം ചെയ്‌തെന്ന ആരോപണം റഷ്യൻ സൈനിക വക്താവ് ദിമിത്രി പെസ്‌കോവ് നിഷേധിച്ചു. ഹർകീവ് മേഖലയിൽ 440 കുഴിമാടങ്ങൾ കണ്ടെത്തിയെന്നും ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന്റെ തെളിവുകൾ ലഭിച്ചെന്നും കഴിഞ്ഞ ദിവസം യുക്രെയ്ൻ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here